സുപ്രീം കോടതിയുടെ താരിഫ് വെട്ടിന് ട്രംപിന്റെ തിരിച്ചടി, വിധിക്ക് പിന്നാലെ ആഗോള താരിഫ് 15% ആയി ഉയർത്തി

സുപ്രീം കോടതിയുടെ താരിഫ് വെട്ടിന് ട്രംപിന്റെ തിരിച്ചടി, വിധിക്ക്  പിന്നാലെ ആഗോള താരിഫ് 15% ആയി ഉയർത്തി

യുഎസ് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രത്യാക്രമണം കടുപ്പിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറക്കുമതി തീരുവകൾ റദ്ദാക്കിയ കോടതി വിധി മറികടക്കാൻ ആദ്യം പ്രഖ്യാപിച്ച 10 ശതമാനം നികുതി, മണിക്കൂറുകൾക്കുള്ളിൽ തന്നെ നിയമപരമായി അനുവദനീയമായ പരമാവധി പരിധിയായ 15 ശതമാനത്തിലേക്ക് അദ്ദേഹം ഉയർത്തി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ആഗോള വിപണിയെ ഞെട്ടിച്ചുകൊണ്ടുള്ള ഈ പുതിയ പ്രഖ്യാപനം ട്രംപ് നടത്തിയത്. കോടതി വിധി പരിഹാസ്യമാണെന്നും അത് അമേരിക്കൻ വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണഘടന നൽകുന്ന പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ച് അഞ്ചു മാസത്തേക്കാണ് ഈ പുതിയ നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. പതിറ്റാണ്ടുകളായി അമേരിക്കയെ ചൂഷണം ചെയ്യുന്ന രാജ്യങ്ങൾക്ക് ഇതൊരു ശക്തമായ താക്കീതാണെന്ന് ട്രംപ് പറഞ്ഞു. 1974-ലെ ട്രേഡ് ആക്ട് പ്രകാരമുള്ള വകുപ്പുകൾ ഉപയോഗിച്ച് കോടതിക്ക് തടയാൻ കഴിയാത്ത രീതിയിൽ നിയമപരമായ ബദൽ മാർഗങ്ങളാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. വരും മാസങ്ങളിൽ കൂടുതൽ കർശനമായ നികുതി വ്യവസ്ഥകൾ കൊണ്ടുവരുമെന്നും അമേരിക്കൻ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

ട്രംപിന്റെ ഈ വാശിയേറിയ നീക്കം ആഗോള വ്യാപാര രംഗത്ത് വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ ഇതോടെ അനിശ്ചിതത്വത്തിലായി. കോടതി വിധിയിലൂടെ ലഭിച്ച ആശ്വാസം ട്രംപ് അപ്രസക്തമാക്കിയതോടെ, ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് മേൽ വീണ്ടും നികുതി ഭാരം വർദ്ധിക്കാനിടയുണ്ട്. ആഗോള വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ മത്സരശേഷിയെ ഇത് എങ്ങനെ ബാധിക്കുമെന്ന് വാണിജ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

Share Email
LATEST
More Articles
Top