വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം; ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ മരിച്ചു

വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം; ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ മരിച്ചു

വിഴിഞ്ഞം: തിരുവനന്തപുരത്തെ വിഴിഞ്ഞത്തുള്ള സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. കൊല്ലം നിലമേൽ സ്വദേശികളായ റഷീദാ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ ഇവരുൾപ്പെട്ട ആറംഗ സംഘം വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മരിച്ചവരും നിലവിൽ ചികിത്സയിൽ കഴിയുന്നവരും മീൻ മുട്ട (Fish Egg) കൊണ്ടുള്ള വിഭവം കഴിച്ചിരുന്നതായി വിവരമുണ്ട്. ആറംഗ സംഘത്തിൽ നാല് പേർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഷാജിയുടെ ഭാര്യ സജീന നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. റഷീദാ ബീവി നിലമേലിലെ ആശുപത്രിയിൽ വെച്ചും ഷാജി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചുമാണ് മരണപ്പെട്ടത്.

സംഭവത്തെത്തുടർന്ന് അധികൃതർ വിഴിഞ്ഞത്തെ ഹോട്ടൽ ഉടൻ തന്നെ പൂട്ടിച്ചു. വൈകിട്ട് മാത്രം പ്രവർത്തിക്കുന്ന ഈ ഹോട്ടലിലെ ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ ആരോഗ്യവകുപ്പും പോലീസും നടപടികൾ ആരംഭിച്ചു. ഭക്ഷ്യവിഷബാധയാണോ അതോ മീൻ മുട്ട കഴിച്ചതിലൂടെയുണ്ടായ അലർജിയാണോ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.


Share Email
Top