ന്യൂഡൽഹി: പ്രവാസികളെ അടക്കം ബാധിക്കുന്ന പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. വിദേശത്തേക്കുള്ള പണമയക്കൽ, വ്യോമയാന മേഖല, പ്രവാസികളുടെ സ്വത്ത് കൈമാറ്റം എന്നിവയിൽ നിർണ്ണായകമായ മാറ്റങ്ങളാണ് സർക്കാർ വരുത്തിയിരിക്കുന്നത്.
പണമയക്കുന്നതിലെ നികുതി (TCS) കുറച്ചു
വിദേശത്ത് പഠിക്കുന്ന കുട്ടികൾക്കായി പണം അയക്കുന്ന മാതാപിതാക്കൾക്കും ചികിത്സാ ആവശ്യങ്ങൾക്കായി പണം കൈമാറുന്നവർക്കും പുതിയ ബജറ്റ് വലിയ ആശ്വാസമാകും. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (LRS) പ്രകാരം വിദ്യാഭ്യാസ, ചികിത്സാ ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പണമയക്കുമ്പോൾ ഈടാക്കുന്ന സ്രോതസ്സിലെ നികുതി (TCS) നിലവിലുള്ള 5 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറച്ചു. കൂടാതെ വിദേശ ടൂർ പാക്കേജുകൾക്ക് ഏർപ്പെടുത്തിയിരുന്ന നികുതിയും കുറച്ചിട്ടുണ്ട്.
വാഹനാപകട നഷ്ടപരിഹാരത്തിന് നികുതിയില്ല; പ്രവാസികൾക്ക് നികുതി
ബജറ്റിലെ ഏറ്റവും മാനുഷികമായ പരിഗണന ലഭിച്ച ഒന്നാണ് വാഹനാപകട നഷ്ടപരിഹാര തുകയുടെ നികുതി ഒഴിവാക്കും. വാഹനാപകടങ്ങളിൽ ലഭിക്കുന്ന നഷ്ടപരിഹാര തുകയ്ക്ക് ഇനി മുതൽ നികുതി നൽകേണ്ടതില്ല.
പ്രവാസികളുടെ സ്വത്ത് കൈമാറ്റം
അതേസമയം, പ്രവാസി ഭാരതീയരുടെ (NRI) ഇന്ത്യയിലുള്ള സ്ഥാവര വസ്തുക്കളുടെ (ഭൂമി, കെട്ടിടം) കൈമാറ്റത്തിന് പുതിയ നികുതി വ്യവസ്ഥകൾ ഏർപ്പെടുത്തി. പ്രവാസികൾ ഇന്ത്യയിലുള്ള വസ്തുക്കൾ വിൽക്കുമ്പോൾ സ്രോതസ്സിൽ നികുതി (TDS) ഈടാക്കാനാണ് പുതിയ തീരുമാനം.
വിമാന ഭാഗങ്ങൾക്ക് നികുതി ഇളവും സ്വത്ത് വെളിപ്പെടുത്തലും
ഇന്ത്യയെ ഒരു ആഗോള വ്യോമയാന ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും (MRO) നിർമ്മാണത്തിനുമുള്ള ഭാഗങ്ങളുടെ ഇറക്കുമതി തീരുവ സർക്കാർ പൂർണ്ണമായും ഒഴിവാക്കി. കൂടാതെ, വിദേശത്തുള്ള സ്വത്തുക്കളും വരുമാനവും വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയവർക്ക് അത് തിരുത്താൻ ആറു മാസം വരെ സമയം അനുവദിച്ചു. നികുതിദായകർക്ക് പിഴ നടപടികളിൽ നിന്ന് ഒഴിവാകാൻ ഇത് മികച്ച അവസരമാണ്.









