കേന്ദ്ര ബജറ്റ് 2026: കേന്ദ്ര ബജറ്റ് അവതരണം അൽപ്പസമയത്തികം, നിർമല സീതാരാമൻ പാർലമെൻ്റിൽ; ഉറ്റുനോക്കി രാജ്യം, പ്രതീക്ഷയോടെ കേരളവും

കേന്ദ്ര ബജറ്റ് 2026: കേന്ദ്ര ബജറ്റ് അവതരണം അൽപ്പസമയത്തികം, നിർമല സീതാരാമൻ പാർലമെൻ്റിൽ; ഉറ്റുനോക്കി രാജ്യം, പ്രതീക്ഷയോടെ കേരളവും

മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും. തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന ചരിത്ര നേട്ടം ഇതോടെ നിർമല സീതാരാമന് സ്വന്തമാകും. 10 ബജറ്റുകൾ അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡിന് തൊട്ടടുത്തെത്തുകയാണ് അവർ. ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുർമുവിനെ കണ്ട ധനമന്ത്രി, തുടർന്ന് പാർലമെന്റിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ബജറ്റിന് അംഗീകാരം തേടി. ഇത്തവണ പർപ്പിൾ നിറത്തിലുള്ള കാഞ്ചീപുരം സാരി ധരിച്ചാണ് ധനമന്ത്രി ബജറ്റ് പെട്ടിയുമായി (ഡിജിറ്റൽ ടാബ്‌ലെറ്റ്) എത്തിയത് എന്നത് ശ്രദ്ധേയമായി.

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ, ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. കേരളത്തിനായി എയിംസ് (AIIMS), വയനാട് പുനരധിവാസത്തിനായുള്ള പ്രത്യേക പാക്കേജ്, സിൽവർ ലൈനിന് പകരമുള്ള അതിവേഗ റെയിൽ പാത എന്നിവയിൽ കേന്ദ്രം എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജും 29 ഓളം മറ്റ് ആവശ്യങ്ങളും അടങ്ങുന്ന കത്ത് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നേരത്തെ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. കൃഷി, ഹരിത ഊർജ്ജം, ഇൻഫ്രാസ്ട്രക്ചർ മേഖലകൾക്ക് ബജറ്റിൽ വൻ മുൻഗണന ലഭിക്കുമെന്നാണ് വിലയിരുത്തൽ.

നികുതിദായകർക്ക് വലിയ ഇളവുകൾ ഇത്തവണ ലഭിക്കാനിടയില്ലെങ്കിലും പുതിയ നികുതി വ്യവസ്ഥ (New Tax Regime) കൂടുതൽ ആകർഷകമാക്കാൻ നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നിലവിൽ 12.75 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ലഭിക്കുന്ന ഇളവ് 15 ലക്ഷം രൂപയാക്കി ഉയർത്തണമെന്നാണ് ശമ്പളക്കാരുടെ പ്രധാന ആവശ്യം. കൂടാതെ, ഒരു ലക്ഷം രൂപ വരെയുള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ വർദ്ധനവും രാജ്യം പ്രതീക്ഷിക്കുന്നുണ്ട്. വൻ പരിഷ്കാരങ്ങൾ ബജറ്റ് അവതരണ ശൈലിയിലും ഉണ്ടാകുമെന്ന് സൂചനയുള്ളതിനാൽ, ഇന്ത്യയുടെ സാമ്പത്തിക ഭാവിയെ നിർണ്ണയിക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ് വിപണിയും പൊതുജനങ്ങളും.


Share Email
LATEST
Top