രാജ്യത്തെ ആദായനികുതി വ്യവസ്ഥയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ‘ആദായനികുതി നിയമം 2025’ വരുന്നു. 2026 ഏപ്രിൽ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ലളിതമായ നിയമങ്ങൾ, പരിഷ്കരിച്ച ഫോമുകൾ എന്നിവയിലൂടെ നികുതി നടപടികൾ കൂടുതൽ സുതാര്യമാക്കുകയാണ് ലക്ഷ്യം. നിലവിലുള്ള സങ്കീർണ്ണതകൾ ഒഴിവാക്കി സാധാരണക്കാർക്കും സേവനദാതാക്കൾക്കും നികുതി ഭാരം കുറയ്ക്കുന്ന ഒട്ടേറെ നിർദ്ദേശങ്ങൾ പുതിയ നിയമത്തിലുണ്ട്.
മോട്ടോർ അപകട ക്ലെയിം ട്രൈബ്യൂണലുകൾ (MACT) നൽകുന്ന നഷ്ടപരിഹാരത്തുകയുടെ പലിശയ്ക്ക് ആദായനികുതി ഒഴിവാക്കിയത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. വിദേശ ടൂറുകൾക്കും വിദ്യാഭ്യാസ-ചികിത്സാ ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പണമയക്കുന്നതിനും (LRS) ഈടാക്കുന്ന ടിസിഎസ് (TCS) നിരക്ക് രണ്ട് ശതമാനമായി കുറച്ചു. കൂടാതെ, മനുഷ്യവിഭവശേഷി സേവനങ്ങളെ കരാർ പേയ്‌മെന്റുകളുടെ പരിധിയിൽ കൊണ്ടുവന്നതോടെ ഇതുമായി ബന്ധപ്പെട്ട നികുതി തർക്കങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും പരിഹാരമാകും.
നികുതിദായകരെ സഹായിക്കുന്നതിനായി ‘ടാക്സ് ഇയർ’ എന്ന പുതിയ ആശയവും ഇതിലൂടെ നടപ്പിലാക്കുന്നുണ്ട്. നികുതി സ്ലാബുകളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനേക്കാൾ, നിലവിലുള്ള സംവിധാനം കൂടുതൽ ജനസൗഹൃദമാക്കാനാണ് കേന്ദ്രം ശ്രമിച്ചിരിക്കുന്നത്. 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് നികുതി ഇളവ് തുടരുമെന്ന സൂചനകൾക്കൊപ്പം, പുതിയ നികുതി സ്കീമിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ ലളിതമായ റിട്ടേൺ ഫയലിംഗ് രീതികളും ബജറ്റിൽ വിഭാവനം ചെയ്യുന്നു.









