കേരളത്തിൽ അതിവേഗ റെയിൽ വരും, ശ്രീധരന് പൂർണ്ണ പിന്തുണ: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

കേരളത്തിൽ അതിവേഗ റെയിൽ വരും, ശ്രീധരന് പൂർണ്ണ പിന്തുണ: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ഡൽഹി: കേരളത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് സുപ്രധാന പ്രഖ്യാപനങ്ങളുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിൽ അതിവേഗ റെയിൽവേ (High-Speed Rail) വരുമെന്നും മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെക്കുന്ന പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചു എന്ന ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ. ശ്രീധരനുമായി ചർച്ചകൾ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്രം എല്ലാവിധ പിന്തുണയും നൽകും.

യുപിഎ സർക്കാരിന്റെ കാലത്തെ അപേക്ഷിച്ച് പത്തിരട്ടി വർധനവാണ് കേരളത്തിനുള്ള റെയിൽവേ വിഹിതത്തിൽ ഉണ്ടായിരിക്കുന്നത്. ഇത്തവണ 3795 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്.

മംഗലാപുരം – ഷൊർണ്ണൂർ നാലാം പാതയുടെ ഡിപിആർ നടപടികളും, ഷൊർണ്ണൂർ – എറണാകുളം മൂന്നാം പാതയുടെ സർവേയും പുരോഗമിക്കുകയാണ്. ശബരിപ്പാതയ്ക്കുള്ള നടപടികളും പൂർത്തിയായി.

തിരുനാവായ – ഗുരുവായൂർ പുതിയ റെയിൽ പാതയും മന്ത്രി പ്രഖ്യാപിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് ഉടൻ കത്ത് നൽകുമെന്നും മന്ത്രി അറിയിച്ചു.

അതിവേഗ പാത എന്നാണെന്ന കാര്യത്തിൽ കൃത്യമായ തീയതി മന്ത്രി വെളിപ്പെടുത്തിയില്ലെങ്കിലും, ദക്ഷിണ ഭാരതത്തെ കേന്ദ്രീകരിച്ച് പ്രഖ്യാപിക്കുന്ന അഞ്ച് പുതിയ ബുള്ളറ്റ് ട്രെയിൻ പദ്ധതികളിൽ കേരളത്തിനും സാധ്യതയുണ്ടെന്നാണ് സൂചനകൾ.

Share Email
LATEST
More Articles
Top