വാഷിംഗ്ടണ്‍/ ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ എന്നു നടപ്പിലാകുമെന്നു സംബന്ധിച്ച് ആര്‍ക്കും ഒരു വ്യ്ക്തതയുമില്ലാത്ത സമയത്തായിരുന്നു കരാര്‍ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നത്.
ഇരു രാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഒരു വര്‍ഷത്തിലേറെയായി ചര്‍ച്ച നടക്കുകയായിരുന്നു. കരാര്‍ എപ്പോള്‍ വേണമെങ്കിലു നടപ്പിലാക്കാമെന്നും മോദിയുടെ ഒരു ഫോണ്‍വിളി മാത്രമാണ് ആവശ്യമെന്നു മായിരുന്നു അമേരിക്കന്‍ നിലപാട്. എന്നാല്‍ പൊടുന്നനെ കരാര്‍ നടപ്പായതിനു പിന്നിലെ വ്യവസ്ഥകള്‍ എന്തെല്ലാമെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 18 ശതമാനമായി ഉടന്‍ കുറയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് ഈ നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടായത്.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്നും ഈ സാഹചര്യത്തില്‍ ഇതിന്റെ പേരില്‍ ചുമത്തിയിരുന്ന 25 ശതമാനം അധിക ശിക്ഷാ നികുതി പൂര്‍ണ്ണമായും ഒഴിവാക്കുമെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും ഇതുവരെ പ്രതികരണങ്ങള്‍ വന്നിട്ടില്ല.
2025 ഏപ്രിലിലാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 25ശതാമം താരിഫ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഓഗസ്റ്റില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യയുടെ മേല്‍ അമേരിക്ക അധിക നികുതി ചുമത്തി. ഇതോടെ ആകെ നികുതി 50 ശതമാനമായി ഉയര്‍ന്നു.
2025 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ ഇരുരാജ്യങ്ങളും തമ്മില്‍ ഉന്നതതല ചര്‍ച്ചകള്‍ തുടര്‍ന്നു. റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ കടുത്ത സമ്മര്‍ദ്ദം അമേരിക്ക ചെലുത്തി.2026 ജനുവരി: യുഎസ് പ്രതിനിധി സെര്‍ജിയോ ഗോര്‍ കരാര്‍ ഉടന്‍ ഉണ്ടാകുമെന്ന് സൂചന നല്‍കി.ഇന്നലെ ട്രംപും മോദിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനു പിന്നാലെ താരിഫ് 18 ശതമാനമായി കുറച്ചുകൊണ്ടുള്ള കരാര്‍ പ്രഖ്യാപിച്ചു.
US-India trade deal takes effect after year-long dispute













