വ്യാപകമായ പിരിച്ചുവിടലിന് പിന്നാലെ വാഷിംഗ്ടൺ പോസ്റ്റ് പബ്ലിഷർ വിൽ ലൂയിസ് രാജിവെച്ചു

വ്യാപകമായ പിരിച്ചുവിടലിന് പിന്നാലെ വാഷിംഗ്ടൺ പോസ്റ്റ് പബ്ലിഷർ വിൽ ലൂയിസ് രാജിവെച്ചു

വാഷിംഗ്ടൺ പോസ്റ്റിന്റെ പബ്ലിഷറും സി.ഇ.ഒയുമായ വിൽ ലൂയിസ് തന്റെ സ്ഥാനമൊഴിയുന്നതായി ശനിയാഴ്ച പ്രഖ്യാപിച്ചു. പത്രത്തിന്റെ മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള വൻതോതിലുള്ള നടപടിക്ക് തൊട്ടുപിന്നാലെയാണ് ഈ അപ്രതീക്ഷിത രാജി. രണ്ട് വർഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങാൻ ഇതാണ് ഉചിതമായ സമയമെന്ന് ലൂയിസ് ജീവനക്കാർക്ക് അയച്ച ഇമെയിലിൽ വ്യക്തമാക്കി. ചീഫ് ഫിനാൻഷ്യൽ ഓഫീസറായ ജെഫ് ഡി ഒനോഫ്രിയോ പുതിയ പബ്ലിഷറായും സി.ഇ.ഒയായും താൽക്കാലിക ചുമതലയേൽക്കും.

ലൂയിസിന്റെ നേതൃത്വത്തിൽ നടന്ന പിരിച്ചുവിടൽ നടപടികൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഏകദേശം 300-ഓളം മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കാണ് ജോലി നഷ്ടപ്പെട്ടത്. പത്രത്തിന്റെ സ്പോർട്സ് വിഭാഗം പൂർണ്ണമായും നിർത്തലാക്കുകയും അന്താരാഷ്ട്ര ബ്യൂറോകളിലും പ്രാദേശിക വാർത്താ വിഭാഗങ്ങളിലും വലിയ വെട്ടിക്കുറയ്ക്കലുകൾ വരുത്തുകയും ചെയ്തു. പിരിച്ചുവിടൽ പ്രഖ്യാപിച്ച നിർണ്ണായക മീറ്റിംഗുകളിൽ ലൂയിസ് പങ്കെടുക്കാതിരുന്നതും, അതേസമയം തന്നെ അദ്ദേഹം ഒരു സ്വകാര്യ പാർട്ടിയിൽ പങ്കെടുക്കുന്ന ചിത്രം പുറത്തുവന്നതും ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി.

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള വാഷിംഗ്ടൺ പോസ്റ്റ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്നു. വായനക്കാരുടെ കുറവും പരസ്യ വരുമാനത്തിലെ ഇടിവും മൂലം നൂറ് ദശലക്ഷം ഡോളറോളം നഷ്ടമാണ് പത്രം നേരിട്ടത്. 2024-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനുള്ള പത്രത്തിന്റെ തീരുമാനം ലക്ഷക്കണക്കിന് സബ്സ്ക്രിപ്ഷനുകൾ റദ്ദാക്കപ്പെടുന്നതിനും ഇടയാക്കിയിരുന്നു. ലൂയിസിന്റെ വിടവാങ്ങൽ പത്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണ്ണായകമാകുമെന്നാണ് മാധ്യമ ലോകം വിലയിരുത്തുന്നത്.

Share Email
LATEST
More Articles
Top