ഗാസ: മാസങ്ങള്‍ക്ക് മുമ്പ് അമേരിക്ക മുന്‍കൈ എടുത്ത് ഗാസാ മുനമ്പില്‍ നടപ്പാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് ഇസ്രയേലിന്റെ അതിരൂക്ഷമായ വ്യോമാക്രമണം. ഇന്നലെ നടന്ന വ്യോമാക്രമണത്തില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 24 പലസ്തീനികള്‍ കൊല്ലപ്പെട്ടു.
വടക്കന്‍ ഗാസയിലെ തുഫാ മേഖലയിലുള്ള ഒരു കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 11 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ 10 ദിവസം മാത്രം പ്രായമുള്ള വതീന്‍ ഖബ്ബാസ് എന്ന പെണ്‍കുഞ്ഞും അഞ്ച് മാസം പ്രായമുള്ള മിറ ഖബ്ബാസും ഉള്‍പ്പെടുന്നു. തങ്ങളുടെ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തതിന് കൃത്യസമയത്ത് നല്‍കിയ മറുപടിയാണ് ഇതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വാദം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഷിഫാ ആശുപത്രിയിലേക്ക് മാറ്റി.
ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രായേല്‍ സൈനികന് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്നാണ് തിരിച്ചടി നല്‍കിയതെന്നാണ് ഇസ്രയേലിന്റെ പ്രതികരണം. എന്നാല്‍ ഇത് കളവാണെന്നും വെടിനിര്‍ത്തല്‍ നിലവിലുണ്ടായിട്ടും ഗാസയില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് തുടരുകയാണെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ നടന്ന ആക്രമണങ്ങളില്‍ അഞ്ച് കുട്ടികളും ഏഴ് സ്ത്രീകളും ഒരു പാരാമെഡിക്കല്‍ ജീവനക്കാരനും കൊല്ലപ്പെട്ടതായാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എവിടെയാണ് വെടിനിര്‍ത്തലെന്നു ഗാസ സിറ്റിയിലെ ഷിഫാ ആശുപത്രി ഡയറക്ടര്‍ ഡോ. മുഹമ്മദ് അബു സെല്‍മിയ ഫേസ്ബുക്കില്‍ കുറിച്ചു
ഖാന്‍ യൂനിസിലെ മുവാസി മേഖലയിലെ തമ്പുകള്‍ക്ക് നേരെയും ആക്രമണം നടന്നു. ഇവിടെ ഒരു പാരാമെഡിക്കല്‍ ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 2023 ഒക്ടോബറില്‍ നടന്ന ആക്രമണത്തിന് നേതൃത്വം നല്‍കിയ ഹമാസ് പ്ലാറ്റൂണ്‍ കമാന്‍ഡര്‍ ബിലാല്‍ അബു അസ്സിയെയാണ് തങ്ങള്‍ ലക്ഷ്യം വെച്ചതെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. എന്നാല്‍ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ തങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ഇസ്രായേല്‍ കൂട്ടിച്ചേര്‍ത്തു.
Where is the ceasefire agreement? 24 Palestinians, including children, killed in Israeli attack on Gaza











