കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ 22-ാം പുസ്തക പ്രകാശനവും റീവ മരിയയുടെ സുന്ദര ഗാനാലാപനവും

കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ 22-ാം പുസ്തക പ്രകാശനവും റീവ മരിയയുടെ സുന്ദര ഗാനാലാപനവും

ചെറിയാന്‍ മഠത്തിലേത്ത്

ഹൂസ്റ്റണ്‍: സന്തോഷത്തിന്റെയും ഊര്‍ജത്തിന്റെയും ശുഭാപ്തി വിശ്വാസത്തിന്റെയും പ്രതീകമാണ് വസന്തകാലം അഥവാ സ്പ്രിങ് സീസണ്‍. എല്ലാ വര്‍ഷവും മാര്‍ച്ച് 20-ന് വസന്തകാലം ആരംഭിക്കുന്നുണ്ടെങ്കിലും, ഫെബ്രുവരി അവസാനം മുതല്‍ ഹൂസ്റ്റണില്‍ വസന്തകാല കാലാവസ്ഥ അനുഭവപ്പെട്ടു. ഇത് ഒരു പ്രതിഭാസമാണ്. പെട്ടെന്ന് വടക്ക് നിന്ന് ഒരു തണുത്ത കാറ്റ് വീശാന്‍ തുടങ്ങി, അതെ, നമുക്ക് വീണ്ടും ഒരു ശൈത്യകാല കാലാവസ്ഥ അനുഭവപ്പെടുന്നു. ഇത് കുറച്ച് ദിവസങ്ങള്‍ മാത്രമേ നീണ്ടുനില്‍ക്കൂ എന്നാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. നേരിയ തണുപ്പ്, തീര്‍ച്ചയായും പൂന്തോട്ടങ്ങള്‍ക്ക് അത്ര നന്നല്ല. എന്തായാലും, എല്ലായിടത്തും ഇപ്പോള്‍ കാട്ടുപൂക്കള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു എന്നതാണ് ശുഭ വാര്‍ത്ത.

അതേസമയം, ഹൂസ്റ്റണിലെ രണ്ടാഴ്ച നീണ്ടുനിന്ന ലോകപ്രശസ്തമായ വര്‍ണ്ണാഭമായ കൗബോയ് ഷോയായ റോഡിയോ ഫെസ്റ്റിവല്‍ അവസാനിച്ചു. ഓസ്‌കാര്‍ നൈറ്റ് – ഫിലിം അവാര്‍ഡ് നൈറ്റ് – മറ്റൊരു മികച്ച അനുഭവമായിരുന്നു. ഇതിനിടെ, വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറംവായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം അംഗങ്ങള്‍ തങ്ങളുടെ പതിവ് പ്രതിമാസ യോഗത്തിനായി സ്റ്റാഫോര്‍ഡിലെ മസാല ഹട്ട് റസ്റ്റോറന്റില്‍ ഒത്തുകൂടി.

റൈറ്റേഴ്സ് ഫോറത്തിന്റെ 22-ാമത്തെ പുസ്തകമായ ‘നക്ഷത്രങ്ങള്‍ പൂക്കുന്ന രാവുകള്‍’ എന്ന സമാഹാരത്തിന്റെ പ്രകാശനമായിരുന്നു ആദ്യത്തെ അജണ്ട. ചടങ്ങില്‍ മുഖ്യാതിഥിയായ പ്രമുഖ അമേരിക്കന്‍ മലയാളി ഗായികയും വയലിനിസ്റ്റുമായ റീവ മരിയ വര്‍ഗീസ് മാത്യു നെല്ലിക്കുന്നില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങി പ്രകാശനം നിര്‍വഹിച്ചു. സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്‌മാനോടൊപ്പം ഒരു വര്‍ഷത്തേളം പ്രവര്‍ത്തിച്ച റീവ യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണിലെ ബി.എം മ്യൂസിക് തെറാപ്പി വിദ്യാര്‍ത്ഥിനിയാണ്.

പുസ്തകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ റീവ അഭിനന്ദിച്ചു. പബ്‌ളീഷിങ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്ന്, മാധ്യമ പ്രവര്‍ത്തകനായ എ.എസ് ശ്രീകുമാര്‍ എന്നിവര്‍ പുസ്തകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു. റൈറ്റേഴ്‌സ് ഫോറം അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും കഥ, കവിത, ലേഖനം തുടങ്ങിയവയും പ്രതിമാസ മീറ്റിങ്ങുകളുടെ പ്രസക്തമായ റിപ്പോര്‍ട്ടുകളുമാണ് പുസ്തകത്തിലെ ഉള്ളടക്കം. റീവയുടെ ഗാനാലാപനവും ശ്രദ്ധേയമായി.

തുടര്‍ന്ന് ശ്രീ സുരേന്ദ്രന്‍ നായര്‍ ‘ഭാരതീയ കാവ്യ സങ്കല്പം’ എന്ന വിഷയം ആസ്പദമാക്കി പ്രൗഢഗംഭീരമായ ഒരു പ്രഭാഷണം നടത്തി. ശബ്ദാര്‍ത്ഥങ്ങളുടെ കൂടിച്ചേരലാണ് ഭാരതീയ സാഹിത്യ ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു. കാലം ലോകത്തെ നിയന്ത്രിക്കുന്നു. കാലം എല്ലാറ്റിനെയും മാറ്റുന്നു. വേദങ്ങളില്‍ നിന്നും രാമായണ, മഹാഭാരത ഇതിഹാസങ്ങളില്‍ നിന്നും അദ്ദേഹം ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി.

അടുത്ത കാര്യപരിപാടി ബാബു കുരൂരിന്റെ ‘വെടിക്കെട്ടുകാരനും പട്ടിയും ഉടുക്കും’ എന്ന കഥ ആയിരുന്നു. വെടിക്കെട്ട് തൊഴിലാളിയായ ഒരുവന്റെ ജീവിതത്തിലേക്ക് എത്തി നോക്കുന്ന യഥാര്‍ത്ഥ്വത്തിലൂന്നിയ ഗ്രാമീണ ശൈലിയിലുള്ള ഒരു കഥ. അവതരിപ്പിച്ച വിഷയങ്ങളെപ്പറ്റിയുള്ള ചര്‍ച്ച ഏറെ സജീവമായി. റോയ് തോമസ് തിയാടിക്കല്‍, അലക്‌സ്‌കുട്ടി ഡേവിഡ്, ജോസഫ് നമ്പിമഠം, ഡേവിഡ് കല്ലേല്‍, ജോസഫ് തച്ചാറ, ബാബു കുരൂര്‍, ബോബി മാത്യു. ഗ്രേസി നെല്ലിക്കുന്ന്, മോട്ടി മാത്യു, റെജി വര്‍ഗീസ്, ബിജു മോഹന്‍, വിദ്യ, കുര്യന്‍ മയാലില്‍, എ.സി ജോര്‍ജ്, ഡോളി കാച്ചപ്പിള്ളി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

റൈറ്റേഴ്‌സ് ഫോറത്തിന്റെ ആദ്യകാല അംഗമായിരുന്ന സി.ജെ ജെയിംസിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. സാമൂഹിക വിമര്‍ശനാത്മകമായ അദ്ദേഹത്തിന്റെ കവിതകളുടെ പ്രാധാന്യത്തെ അനുസ്മരണ പ്രസംഗകര്‍ എടുത്തു പറഞ്ഞു. അദ്ദേഹത്തിന്റെ കവിതയില്‍ നിന്ന്:

”അംഗനമാരേ അങ്കത്തട്ടിതാ
അഭ്യസിച്ചോളൂ കളരിയും കരാട്ടയും…”

റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ചെറിയാന്‍ മഠത്തിലേത്ത് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അടുത്ത യോഗം കവിതയ്ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോണ്‍ മാത്യു അറിയിച്ചു. ഈ യോഗം ഏപ്രില്‍ 19-ന് നടക്കും. സെക്രട്ടറി മോട്ടി മാത്യു നന്ദി പറഞ്ഞു.

===
ഫോട്ടോ: മോട്ടി മാത്യു

Kerala Writers Forum Houston monthly meeting and 22nd book release with the great singer Reeva Maria Varghese

Share Email
LATEST
More Articles
Top