കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത നാലുപേരെ ഇടുക്കി മുണ്ടക്കയത്തിന് സമീപത്തുനിന്നാണ് പോലീസ് പിടികൂടിയത്. ഇതോടെ കേസിലെ എട്ടു പ്രതികളും കസ്റ്റഡിയിലായതായി കൊല്ലം സിറ്റി പോലീസ് അറിയിച്ചു. കോട്ടയം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ കൊല്ലം പോലീസിന് കൈമാറി.
ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായ അലുവ അതുൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ടു മടങ്ങുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. അതുലും കൂട്ടുകാരൻ മനുവും സഞ്ചരിച്ച കാർ പിന്തുടർന്നെത്തിയ ഗുണ്ടാസംഘം വാഹനം തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കടത്തൂർ – വയനകം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ദീർഘകാലത്തെ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു.
ജിം സന്തോഷ് കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സമാനമായ രീതിയിലുള്ള ഈ പ്രതികാരക്കൊല നടന്നത്. വധഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും പോലീസ് സ്റ്റേഷന് സമീപം ഇത്തരമൊരു ആക്രമണം നടന്നത് സുരക്ഷാവീഴ്ചയായി വിലയിരുത്തപ്പെടുന്നുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ പോലീസ് അന്വേഷണം ഊർജിതമാക്കി.











