ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ പാകിസ്ഥാനിൽ അമേരിക്കൻ വിരുദ്ധ പ്രതിഷേധം ആളിക്കത്തുന്നു. കറാച്ചിയിലെ മിയാ കലോച്ചി റോഡിലുള്ള യുഎസ് കോൺസുലേറ്റിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. കോൺസുലേറ്റിനകത്ത് അതിക്രമിച്ചു കയറിയ ജനക്കൂട്ടം കെട്ടിടത്തിന് തീയിട്ടു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ 8 പേർ കൊല്ലപ്പെട്ടതായാണ് വിവരം.
കറാച്ചി സിവിൽ ആശുപത്രിയിൽ മൃതദേഹങ്ങൾ എത്തിച്ചതായി പാകിസ്ഥാൻ മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു. പ്രതിഷേധക്കാർക്ക് നേരെ ടിയർ ഗ്യാസ് ഉൾപ്പെടെ പ്രയോഗിച്ചതായും നിരവധി പേർക്ക് വെടിയേറ്റതായും വിവരമുണ്ട്. ആരെയും നിയമം കയ്യിലെടുക്കാൻ അനുവദിക്കില്ലെന്ന് സിന്ധ് ആഭ്യന്തര മന്ത്രി സിയാവുൾ ഹസൻ വ്യക്തമാക്കി. കറാച്ചിക്ക് പുറമെ ഗിൽഗിത്തിലെ സ്കാർദുവിലുള്ള യുഎൻ ഓഫീസിനും പ്രതിഷേധക്കാർ തീയിട്ടു. കൂടാതെ എസ്പി ഓഫീസിനും ആർമി സ്കൂളിനും നേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.













