കേരളം പോളിംഗ് ബൂത്തിലേക്ക്, ഏപ്രിൽ 9ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെണ്ണൽ മെയ് 4-ന്

കേരളം പോളിംഗ് ബൂത്തിലേക്ക്, ഏപ്രിൽ 9ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെണ്ണൽ മെയ് 4-ന്

ഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9-ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മെയ് 4-നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ ഈ സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

സുരക്ഷാ കാരണങ്ങളാൽ പശ്ചിമ ബംഗാളിൽ മാത്രം തിരഞ്ഞെടുപ്പ് ഒന്നിലധികം ഘട്ടങ്ങളിലായി നടത്താനാണ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റ ഘട്ടമായി തന്നെ വോട്ടെടുപ്പ് പൂർത്തിയാക്കും.

മെയ് 4-നാണ് അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്കായി വൻതോതിൽ കേന്ദ്ര സേനയെ വിന്യസിക്കുമെന്നും തിരഞ്ഞെടുപ്പ് സുതാര്യമായി നടത്താൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.

മാർച്ച് 13 വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ ആകെ 2,71,11,856 വോട്ടർമാരാണുള്ളത്. ഇതിൽ 1.38 കോടിയിലധികം സ്ത്രീ വോട്ടർമാരും 1.32 കോടിയിലധികം പുരുഷ വോട്ടർമാരും ഉൾപ്പെടുന്നു. 227 ഭിന്നലിംഗ വോട്ടർമാരും ഇത്തവണ സമ്മതിദാന അവകാശം വിനിയോഗിക്കും. സംസ്ഥാനത്താകെ 30,471 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിക്കുക. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് വരെ വോട്ടർമാർക്ക് അവസരമുണ്ടാകുമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിൽ എൽഡിഎഫ് മൂന്നാം തുടർച്ചയായ ഭരണം ലക്ഷ്യമിടുമ്പോൾ, അധികാരം തിരിച്ചുപിടിക്കാനുള്ള കടുത്ത പോരാട്ടത്തിലാണ് യുഡിഎഫ്. തമിഴ്‌നാട്ടിൽ ഡിഎംകെ ഭരണത്തുടർച്ച ആഗ്രഹിക്കുമ്പോൾ എഐഎഡിഎംകെയും വിജയിന്റെ ടിവികെയും കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നാലാം ഊഴത്തിനായി പോരാടുമ്പോൾ ബിജെപിയും ഇടതുപക്ഷ-കോൺഗ്രസ് സഖ്യവും ശക്തമായ പോരാട്ടത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ രാഷ്ട്രീയ പാർട്ടികളെല്ലാം ഇനി പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.—

Share Email
LATEST
Top