പുണ്യം പൊങ്കാല നിവേദ്യം; ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആറ്റുകാൽ പൊങ്കാലയ്ക്ക് സമാപനം, വീടുകളിലേക്ക് മടങ്ങി ഭക്തർ, ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്

പുണ്യം പൊങ്കാല നിവേദ്യം; ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആറ്റുകാൽ പൊങ്കാലയ്ക്ക് സമാപനം, വീടുകളിലേക്ക് മടങ്ങി ഭക്തർ, ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്

തിരുവനന്തപുരം നഗരത്തെ ഭക്തിയുടെ കൊടുമുടിയിലേറ്റിയ ആറ്റുകാൽ പൊങ്കാല നിവേദ്യ സമർപ്പണത്തോടെ സമാപിച്ചു. ഉച്ചയ്ക്ക് 2.15-ഓടെ ക്ഷേത്രത്തിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചതോടെ നഗരത്തിലെമ്പാടുമുള്ള പൊങ്കാല അടുപ്പുകളിൽ നിവേദ്യം നടന്നു. ആഗ്രഹങ്ങളും പ്രാർത്ഥനകളും മൺകലങ്ങളിൽ പായസമായും തെരളിയപ്പമായും തിളച്ചുതൂങ്ങിയപ്പോൾ പൊരിവെയിലിനെ അവഗണിച്ചും ഭക്തലക്ഷങ്ങൾ ചടങ്ങുകളിൽ പങ്കാളികളായി. 380-ഓളം പൂജാരിമാരെയാണ് നിവേദ്യ ചടങ്ങുകൾക്കായി നിയോഗിച്ചിരുന്നത്.

രാവിലെ 9.45-ന് ക്ഷേത്ര മുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകർത്തിയതോടെയാണ് ലോകത്തെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയായ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായത്. നഗരവീഥികളും വീട്ടുപരിസരങ്ങളും യാഗഭൂമിയായി മാറിയ ഉത്സവത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു. ചന്ദ്രഗ്രഹണം പ്രമാണിച്ച് ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 മണി വരെ ക്ഷേത്ര ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

നിവേദ്യത്തിന് പിന്നാലെ ഭക്തജനങ്ങൾ മടങ്ങിത്തുടങ്ങിയതോടെ കെഎസ്ആർടിസിയും റെയിൽവേയും പ്രത്യേക സർവീസുകൾ ഒരുക്കി. നഗരത്തിലെ വൻ തിരക്ക് നിയന്ത്രിക്കാൻ വിപുലമായ പോലീസ് സന്നാഹമാണ് രംഗത്തുണ്ടായിരുന്നത്. മനസ്സുനിറഞ്ഞ പ്രാർത്ഥനകളുമായി പൊങ്കാല പൂർത്തിയാക്കിയ ഭക്തലക്ഷങ്ങൾ ഇനി അടുത്ത വർഷത്തെ കുംഭമാസത്തിലെ പൂരം നാളിനായുള്ള കാത്തിരിപ്പിലാണ്.

Share Email
LATEST
Top