ആറ്റുകാൽ പൊങ്കാല ശുചീകരണത്തിൽ വീഴ്ച; ആർഡിഒ അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്, രാഷ്ട്രീയ നാടകമെന്ന് ബിജെപി

ആറ്റുകാൽ പൊങ്കാല ശുചീകരണത്തിൽ വീഴ്ച; ആർഡിഒ അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്, രാഷ്ട്രീയ നാടകമെന്ന് ബിജെപി

ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലും മാലിന്യനീക്കം പൂർണ്ണമായിട്ടില്ലെന്ന പരാതിയിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായോ എന്ന് നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ആർഡിഒയെ മന്ത്രി വി. ശിവൻകുട്ടി ചുമതലപ്പെടുത്തി. ലക്ഷക്കണക്കിന് ഭക്തർ എത്തിയ ഉത്സവത്തിന് ശേഷം നഗരം എത്രയും വേഗം വൃത്തിയാക്കേണ്ടത് ആരോഗ്യ സുരക്ഷയ്ക്ക് അത്യാവശ്യമാണെന്നും, പലയിടങ്ങളിലും മാലിന്യം കുന്നുകൂടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് കർശന നടപടിക്ക് നിർദ്ദേശം നൽകിയതെന്നും മന്ത്രി പറഞ്ഞു.

എന്നാൽ, മന്ത്രിയുടെ ഈ നടപടി ബിജെപി ഭരിക്കുന്ന നഗരസഭയെ ഇകഴ്ത്തിക്കാട്ടാനുള്ള രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്ന് ബിജെപി ജില്ലാ നേതൃത്വം കുറ്റപ്പെടുത്തി. നൂറ് ദിവസം തികയും മുൻപേ ജനശ്രദ്ധ നേടിയ നഗരസഭാ ഭരണത്തെ അപകീർത്തിപ്പെടുത്താനാണ് മന്ത്രിയുടെ ശ്രമമെന്ന് ബിജെപി ആരോപിച്ചു. ക്ഷേത്ര കോമ്പൗണ്ടിനുള്ളിലെ മാലിന്യങ്ങൾ വർഷങ്ങളായി ക്ഷേത്ര ട്രസ്റ്റ് തന്നെയാണ് നീക്കം ചെയ്യുന്നതെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് മന്ത്രി ഇത്തരമൊരു അന്വേഷണം പ്രഖ്യാപിച്ചതെന്നും, ബിജെപി ഭരണത്തോടുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കലാണിതെന്നും ജില്ലാ വൈസ് പ്രസിഡന്റ് പറഞ്ഞു.

പൊങ്കാല കഴിഞ്ഞ രാത്രി തന്നെ നഗരം വൃത്തിയാക്കിയെന്നായിരുന്നു കോർപ്പറേഷന്റെയും ബിജെപിയുടെയും അവകാശവാദം. എന്നാൽ ആറ്റുകാൽ ക്ഷേത്ര പരിസരത്തും നഗരത്തിന്റെ ഉൾഭാഗങ്ങളിലും ഇപ്പോഴും മാലിന്യം കെട്ടിക്കിടക്കുകയാണെന്ന് സിപിഎം ആരോപിക്കുന്നു. മാലിന്യനീക്കം വൈകുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൗൺസിലർമാരുടെ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. പൊങ്കാലയ്ക്ക് മുൻപ് കുടിവെള്ള ക്ഷാമമുണ്ടാക്കാൻ ശ്രമിച്ചവർ ഇപ്പോൾ ശുചീകരണത്തിന്റെ പേരിൽ കുപ്രചാരണം നടത്തുകയാണെന്നാണ് മേയറുടെ മറുപടി. വിഷയത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്.

Share Email
LATEST
More Articles
Top