തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിൽ ബിജെപി സീൽ പതിഞ്ഞ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ചു. ഓഫീസിലെ ഡെപ്യൂട്ടി സി.ഇ.ഒ, സെക്ഷൻ ഓഫീസർ എന്നിവരെയാണ് തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്തത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കറാണ് നടപടി സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
സംഭവത്തെക്കുറിച്ച് 48 മണിക്കൂറിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ സി.ഇ.ഒ പി.ബി. നൂഹ് ഐ.എ.എസിനെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം സമർപ്പിച്ച വിശദമായ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി. തെരഞ്ഞെടുപ്പ് കമ്മീഷൻ പോലെയുള്ള അതീവ ജാഗ്രത പുലർത്തേണ്ട സ്ഥാപനത്തിൽ നിന്നുണ്ടായ ഈ വീഴ്ച ഗൗരവകരമായാണ് അധികൃതർ കണക്കാക്കുന്നത്.
രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക രേഖയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ സീൽ പതിഞ്ഞത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണോ അതോ ബോധപൂർവമായ ഇടപെടലാണോ നടന്നതെന്ന് അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.













