ഗീതാ ഗോപിയെ അംഗീകരിക്കില്ല, സി സി മുകുന്ദൻ സിപിഐയിൽ നിന്ന് രാജിവെച്ചു; നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും

ഗീതാ ഗോപിയെ അംഗീകരിക്കില്ല, സി സി മുകുന്ദൻ സിപിഐയിൽ നിന്ന് രാജിവെച്ചു; നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും

സിപിഐയുടെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ സി.സി. മുകുന്ദൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ നാട്ടിക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. സ്ഥാനാർഥി നിർണയത്തിലെ പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്നാണ് സി.സി. മുകുന്ദൻ ഈ കടുത്ത നിലപാട് സ്വീകരിച്ചത്. തന്നെ മാറ്റി ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കാൻ പറ്റില്ലെന്ന് മുകുന്ദൻ ആദ്യം മുതലേ വ്യക്തമാക്കിയിരുന്നു. ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കുമെന്ന് പാർട്ടി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജി.

മണ്ഡലത്തിൽ പാർട്ടി നടത്തുന്ന പ്രവർത്തനങ്ങളിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും മുകുന്ദൻ അതൃപ്തനായിരുന്നു. നാട്ടികയിലെ സാധാരണക്കാരായ പാർട്ടി പ്രവർത്തകർ തനിക്കൊപ്പമുണ്ടെന്നും ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.സി. മുകുന്ദന്റെ ഈ നീക്കം എൽഡിഎഫിന് നാട്ടികയിൽ വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തുന്നത്.

മുകുന്ദന്റെ രാജിയോടെ നാട്ടികയിൽ ശക്തമായ ത്രികോണ മത്സരത്തിനുള്ള സാധ്യതയാണ് തെളിയുന്നത്. വർഷങ്ങളോളം പാർട്ടിയെ പ്രതിനിധീകരിച്ച നേതാവ് തന്നെ വിമതനായി രംഗത്തുവന്നത് സിപിഐ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനായി പാർട്ടി ഉന്നത നേതൃത്വം ഇടപെടലുകൾ നടത്തിയെങ്കിലും മുകുന്ദൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്.

Share Email
LATEST
More Articles
Top