ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അടച്ചുപൂട്ടിയ ഹോർമുസ് കടലിടുക്കിലൂടെ തങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിത പാത ഉറപ്പാക്കാൻ ചൈന ഇറാന്റെ സഹായം തേടി. ചൈനയിലേക്കുള്ള എണ്ണ, പ്രകൃതിവാതക കപ്പലുകൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് അധികൃതർ ഇറാനുമായി നിർണായക ചർച്ചകൾ നടത്തി. ചൈനയുടെ ഊർജ്ജ ഇറക്കുമതിയുടെ 45 ശതമാനവും ഈ കടലിടുക്ക് വഴിയായതിനാൽ, നിലവിലെ പ്രതിസന്ധി ചൈനീസ് സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന ആശങ്കയെത്തുടർന്നാണ് ഈ നീക്കം.
യുദ്ധം ശക്തമായതോടെ അമേരിക്ക, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയിലേക്കുള്ള കപ്പലുകൾക്ക് ഇറാൻ വിലക്കേർപ്പെടുത്തുകയും പല കപ്പലുകളെയും ആക്രമിക്കുകയും ചെയ്തിരുന്നു. ഹോർമുസ് കടലിടുക്ക് ഏതാണ്ട് പൂർണ്ണമായും അടഞ്ഞ അവസ്ഥയിലായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും ഈ പാത വഴിയാണ് കടന്നുപോകുന്നത്. ചൈനയുമായി അടുത്ത ബന്ധമുള്ളതിനാൽ തങ്ങളുടെ കപ്പലുകൾക്ക് പ്രത്യേക പരിഗണന നൽകണമെന്നാണ് ചൈനീസ് ആവശ്യം.
ചർച്ചകൾക്ക് പിന്നാലെ, ‘അയൺ മെയ്ഡൻ’ എന്ന ചൈനീസ് കപ്പൽ തങ്ങൾ ചൈനയുടെ ഉടമസ്ഥതയിലാണെന്ന സിഗ്നൽ നൽകി കടലിടുക്ക് വിജയകരമായി കടന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇന്ത്യയിലേക്കുള്ള കപ്പലുകൾ ഉൾപ്പെടെ പല രാജ്യങ്ങളുടെയും ചരക്കുനീക്കം ഇപ്പോഴും നടുക്കടലിൽ തടസ്സപ്പെട്ട നിലയിലാണ്. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാന്റെ പക്ഷത്താണ് ചൈന നിലയുറപ്പിച്ചിരിക്കുന്നത് എങ്കിലും, ആഗോള ഊർജ്ജ വിതരണം തടസ്സപ്പെടുന്നത് തങ്ങളുടെ വികസനത്തെ ബാധിക്കുമെന്ന തിരിച്ചറിവിലാണ് ചൈനീസ് നയതന്ത്ര നീക്കം.













