കേരളത്തിൽ യുഡിഎഫ് തരംഗമാണെന്നും എത്ര വലിയ പിആർ വർക്കുകൾ നടത്തിയാലും എൽഡിഎഫ് സർക്കാരിന് രക്ഷയില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ടച്ചങ്കല്ല ഇരട്ടമുഖമാണെന്ന് അദ്ദേഹം പരിഹസിച്ചു. വി.ഡി. സതീശനെ മാത്രമല്ല, എല്ലാ യുഡിഎഫ് നേതാക്കളെയും മുഖ്യമന്ത്രി വ്യക്തിപരമായി ആക്രമിക്കുകയാണ്. രാഹുൽ ഗാന്ധിയെ വിമർശിക്കാൻ പിണറായി വിജയന് എന്ത് യോഗ്യതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് വേണുഗോപാൽ ആരോപിച്ചു. സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടിക പരിശോധിച്ചാൽ ഈ ‘ഡീൽ’ വ്യക്തമാകും. പാർട്ടി നേതൃത്വത്തെ രക്ഷിക്കാൻ വേണ്ടിയുണ്ടാക്കിയ ഈ അവിശുദ്ധ കൂട്ടുകെട്ട് അണികൾ തന്നെ തള്ളിക്കളയും. യുഡിഎഫിനെ തോൽപ്പിക്കാൻ ഉണ്ടാക്കിയ ഈ ഡീൽ ഇത്തവണ പൊളിഞ്ഞു പാളീസാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി. സുധാകരനെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമർശനം അദ്ദേഹത്തിന്റെ തനിനിറം വ്യക്തമാക്കുന്നതാണെന്നും മുൻപ് എൻ.കെ. പ്രേമചന്ദ്രനെ ‘പരനാറി’ എന്ന് വിളിച്ച ശൈലി തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും വേണുഗോപാൽ ഓർമ്മിപ്പിച്ചു.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ പരിഹസിക്കുന്ന എൽഡിഎഫ് നിലപാടിനെയും അദ്ദേഹം വിമർശിച്ചു. ഒരു ദിവസത്തെ ചെലവിന് പോലും ബുദ്ധിമുട്ടുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് വലിയ ആശ്വാസമാണ് കെഎസ്ആർടിസിയിലെ സൗജന്യ യാത്ര. സീറ്റ് കിട്ടാത്ത കോൺഗ്രസ് നേതാക്കളെ പരിഗണിക്കുന്ന കാര്യത്തിൽ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നത് പർവ്വതീകരിക്കുകയാണ് ചെയ്തത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ സീറ്റ് ലഭിക്കാത്ത അർഹരായവർക്ക് മുൻഗണന നൽകുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.











