തിരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച സർക്കുലറിൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഓഫീസ് സീൽ പതിഞ്ഞ സംഭവം ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി കമ്മീഷന്റെ നടപടിയെ വിമർശിച്ചത്. മുതിർന്ന ഉദ്യോഗസ്ഥർ പരിശോധിക്കാതെ ഇത്തരമൊരു പ്രധാനപ്പെട്ട രേഖ പുറത്തേക്ക് അയച്ചത് വെറുമൊരു അബദ്ധമായോ യാദൃശ്ചികമായ വീഴ്ചയായോ തള്ളിക്കളയാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിൽ അന്വേഷണം നടത്തി കണ്ടെത്തലുകൾ രാഷ്ട്രീയ പാർട്ടികളെയും പൊതുജനങ്ങളെയും അറിയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ പൂർണ്ണമായ രാഷ്ട്രീയ നിഷ്പക്ഷത പ്രതിഫലിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ഓർമ്മിപ്പിച്ചു. കമ്മീഷന്റെ വീഴ്ചയെ വിമർശിച്ചവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കാത്ത വിമർശനങ്ങളെ അഭിപ്രായപ്രകടനങ്ങളായി കണ്ട് മാനിക്കണം. ഉദ്യോഗസ്ഥർ നിഷ്പക്ഷമായി പ്രവർത്തിച്ചാൽ മാത്രമേ തിരഞ്ഞെടുപ്പ് കമ്മീഷന് അർഹമായ ബഹുമാന്യത ആർജ്ജിക്കാൻ സാധിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.













