എഫ്‌സിആർഎ നിയമ ഭേദഗതിയിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി, കേന്ദ്ര സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു

എഫ്‌സിആർഎ നിയമ ഭേദഗതിയിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി, കേന്ദ്ര സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്‌സിആർഎ) കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ഭേദഗതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പുതിയ ഭേദഗതികൾ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കും വിവിധ മതവിഭാഗങ്ങൾ നടത്തുന്ന ധർമ്മസ്ഥാപനങ്ങൾക്കുമിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം നീക്കങ്ങളിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

രജിസ്‌ട്രേഷൻ പുതുക്കുന്നതിൽ സാങ്കേതികമായി ചെറിയ വീഴ്ചകൾ സംഭവിച്ചാൽ പോലും സ്ഥാപനങ്ങളുടെ വിദേശ ഫണ്ടും ആസ്തികളും കേന്ദ്രം നിശ്ചയിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലാകുമെന്ന വ്യവസ്ഥ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപേക്ഷ നിരസിക്കപ്പെടുകയോ കാലതാമസം നേരിടുകയോ ചെയ്താൽ ആസ്തികൾ കണ്ടുകെട്ടുന്ന അവസ്ഥയുണ്ടാകും. നിലവിലുള്ള 2010-ലെ നിയമം തന്നെ ക്രമക്കേടുകൾ തടയാൻ പര്യാപ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധനാലയങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ നിയമം സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ ദുരുപയോഗം ചെയ്യപ്പെടുമെന്ന ഭീതി നിലനിൽക്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവർ മുന്നോട്ടുവെച്ച ഗൗരവകരമായ ഈ ആശങ്കകൾ പരിഹരിക്കാതെ ബില്ലുമായി മുന്നോട്ട് പോകരുത്. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.

Share Email
LATEST
More Articles
Top