തിരിഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടതുപക്ഷത്ത് പൊട്ടിത്തെറി, പിന്നിൽ എന്താണ്? എവിടെയാണ് നേതൃത്വത്തിന് പിഴച്ചത്?

തിരിഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടതുപക്ഷത്ത് പൊട്ടിത്തെറി, പിന്നിൽ എന്താണ്?  എവിടെയാണ് നേതൃത്വത്തിന് പിഴച്ചത്?

നേർക്കാഴ്ച ന്യൂസ് ടീം

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ ഇടതു – വലതു മുന്നണികളും ബിജെപിയും കളം നിറഞ്ഞ് ആടുകയാണ്. അധികാരത്തിനു വേണ്ടിയുള്ള പിടിവലിയും കുതികാൽ വെട്ടും കസേരകളിയും ഓരോ തിരഞ്ഞെടുപ്പും വോട്ടർമാരിൽ ആകാംക്ഷയും കൌതുകവും ചിലപ്പോളെങ്കിലും നിരാശയും നിറക്കാറുണ്ട് . മുഖ്യാധാരാ പാർട്ടികളിൽ എല്ലാം തന്നെ കൊഴിഞ്ഞുപോക്കും കൂട്ടിച്ചേർക്കലും പുതിയസംഭവമേ അല്ല. പക്ഷേ ഇത്തവണ കൊഴിഞ്ഞുപോക്കും പൊട്ടിത്തെറിയും ഇതുവരെ ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഇടതു മുന്നണിയേയാണ്. തിരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോൾ മാത്രം കേരളത്തിൽ അങ്ങോളമിങ്ങോളമായി ഇടതുപാർട്ടി വിട്ടുപോയത് നിരവധി മുതിർന്ന നേതാക്കളാണ്.

ജി സുധാകരൻ്റെ പൊട്ടിത്തെറി

പിണറായി വിജയനും എംഎ ബേബിക്കും ഒപ്പം തന്നെ പാർട്ടിയിൽ ഉണ്ടായിരുന്ന 63 വർഷത്തെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള , അഴിമതിയുടെ കറ ഒട്ടുമേ പുരളാത്ത ജി സുധാകരൻ എന്ന നേതാവിൻ്റെ പിരിഞ്ഞുപോക്കാണ് സിപിഎമ്മിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായത്. സുധാകരൻ പ്രതിനിധാനം ചെയ്തിരുന്ന അമ്പലപ്പുഴ മണ്ഡലത്തിലോ ആലപ്പുഴ ജില്ലയിലോ മാത്രം ഒതുങ്ങി നിൽക്കുന്നതാകില്ല അതിൻ്റെ അനുരണണങ്ങൾ. പാർട്ടിയാണ് മുഖ്യം എന്ന് ഇടതുപക്ഷക്കാർ എല്ലാവരും പറയുമെങ്കിലും സുധാകരൻ്റെ പോക്ക് ഇത്തവണ സിപിഎമ്മിനു കനത്ത അടി തന്നെയാണ് എന്നതിൽ സംശയം ഒട്ടും വേണ്ട. സുധാകരൻ വെറുമൊരു പാർലമെൻ്ററി വ്യാമോഹം കൊണ്ട് പാർട്ടിയോട് സലാം പറഞ്ഞതല്ല, കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ ഉണ്ടായിരിക്കുന്ന പുഴക്കുത്തുകളെ ഓരോന്നായി അദ്ദേഹം അക്കമിട്ടു നിരത്തി കേരളത്തിലെ ജനത്തിനു മുന്നിൽ. ആ ആരോപണങ്ങൾക്കൊന്നും കൃത്യമായി മറുപടി പറയാതെ ചതിയൻ, വർഗവഞ്ചകൻ അധികാരമോഹി തുടങ്ങിയ കുറ്റങ്ങൾ ചാർത്താനാണ് ഇടതുപക്ഷം തീവ്രമായി ശ്രമിക്കുന്നത്.

സംസ്ഥാന സെക്രട്ടറിയോ ഏതാനും ചില നേതാക്കളോ വിചാരിച്ചാൽ പാർട്ടിയെ വഴിതെറ്റിക്കാൻ ആകില്ല എന്ന് സമർത്ഥിക്കാനാണ് ജി സുധാകരൻ ശ്രമിക്കുന്നത്. താനാണ് ശരിയായ ഇടതുപക്ഷം എന്ന് തെളിയിക്കാനാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മൽസരിക്കുന്നത്. മറ്റൊരു പാർട്ടിയിലേക്ക് പോകാനോ യുഡിഎഫിന്റെ സ്ഥാനാർത്ഥിയാകാനോ ഇല്ല എന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. സിപിഎമ്മിനു സംഭവിക്കുന്ന വലതുപക്ഷ വ്യതിയാനം തുറന്നുകാട്ടാനാണ് സുധാകരൻ്റെ ശ്രമം.

പാർട്ടിയിലെ മുതിന്നവരും പ്രഗൽഭരുമായ ജി. സുധാകരൻ, തോമസ് ഐസക്, ജി. പ്രദീപ് കുമാർ, എ. കെ. ബാലൻ, രാജു ഏബ്രഹാം സുരേഷ് കുറുപ്പ് തുടങ്ങിയ നേതാക്കളെ പെട്ടെന്നുള്ള തീരുമാനത്തിന്റെ പുറത്ത് മൽസരിപ്പിക്കാതെ റിട്ടയർമെൻ്റ് കൊടുക്കുകയും കെകെ ഷൈലജയെ പോലുള്ള നേതാവിനെ ഏതാണ്ട് തോൽവി ഉറപ്പുള്ള മണ്ഡലത്തിൽ നിർത്തുകയും ഒക്കെ ചെയ്യുന്നതു വഴി സിപിഎം എന്തു ലക്ഷ്യമാണ് മുന്നിൽ കാണുന്നത് എന്ന് – തലമുറമാറ്റം എന്നൊക്കെ പറഞ്ഞ് സിപിഎം വിശദീകരിക്കുന്നുണ്ടെങ്കിലും – അത് സാധാരണക്കാർക്ക് അത്രക്ക് മനസ്സിലായിട്ടില്ല. പിണറായിക്കു ശേഷം മരുമകൻ മുഹമ്മദ് റിയാസിനെ കൊണ്ടു വരാനുള്ള വെട്ടിനിരത്തലുകളാണ് ആ നടമാടുന്നത് എല്ലാമെന്നാണ് രാഷ്ട്രീയ വിശാരദന്മാർ പാടി നടക്കുന്നത്.

തുടക്കം അൻവറിൽ

കഴിഞ്ഞ വർഷം ഇടതുപക്ഷത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാജിവച്ച നിലമ്പൂരിലെ ഇടതു സ്വതന്ത്രൻ പി വി അൻവർ ആണ് ഒരുപക്ഷേ ഈ ആരോപണത്തിന് തുടക്കം കുറിച്ചത്. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പിനെതിരെയും അതിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെയും അതീവ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച അൻവർ പിന്നീട് പാർട്ടിക്കും പാർട്ടിയിലെ നേതാക്കൾക്കും ഉൾപ്പെടെ കൂടി തിരിഞ്ഞു. അൻവർ പറഞ്ഞ ആരോപണങ്ങൾ പല പാർട്ടിക്കാരും രഹസ്യമായി പറഞ്ഞിരുന്നതാണ്. ആ ആരോപണങ്ങളുടെ മാറ്റൊലികൾ സംസ്ഥാനത്ത് ഇപ്പോഴും പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഒക്കെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ ചർച്ചയായിട്ടുണ്ട്.

എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തിനിൽക്കെ ആദ്യ പരസ്യ ഏറ്റുമുട്ടലിന് തുടക്കം കുറിച്ചത് ഇടതു കോട്ടയായ കണ്ണൂർ, പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണനാണ്. പയ്യന്നൂർ എംഎൽഎ ആയ ടി ഐ മധുസൂദനെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് കുഞ്ഞികൃഷ്ണൻ പാർട്ടിയെ പ്രതിരോധത്തിലാക്കിയത്. രക്തസാക്ഷി ഫണ്ടുവരെ തട്ടിച്ചു എന്ന രീതിയിൽ ആരോപണം നിലനിൽക്കുകയാണ്.

പികെ ശശി, ഐഷ പോറ്റി, എസ് രാജേന്ദ്രൻ

മധ്യകേരളത്തിൽ ഇടതുപക്ഷത്തിന് തിരിച്ചടി നൽകിയത് പാലക്കാട്ടെ സി പി എം നേതാവും മുൻ എംഎൽഎയുമായ പി കെ ശശിയാണ്. ഷൊർണൂർ മുൻ എംഎൽഎയും രണ്ടാഴ്ച മുൻപ് വരെ സംസ്ഥാന ടൂറിസം വികസന കോർപ്പറേഷൻ ചെയർമാനുമായിരുന്ന ശശി ഷൊർണൂർ, ഒറ്റപ്പാലം, പാലക്കാട് ഭാഗങ്ങളിൽ സ്വാധീനമുള്ള നേതാവാണ്.

മുൻപ് ലൈംഗികാരോപണം ഉൾപ്പെടെ നേരിട്ട നേതാവാണ് ശശി. അന്ന് സിപിഎം ശശിയെ സംരക്ഷിച്ചത് എന്തിന് എന്ന വലിയ ചോദ്യം ബാക്കിയായിരുന്നു. ഇന്ന് ശശി ശരിയായ ഇടതുപക്ഷത്തേക്ക് എന്ന് അവകാശപ്പെട്ടാണ് പാർട്ടിയിൽ നിന്നും പുറത്തേക്കുള്ള വഴിതുറന്നത്. സിപിഎം വിമതരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തതിന് തൊട്ടു പിന്നാലെ പി കെ ശശിയെ സിപിഎം പുറത്താക്കി. ശശിയും യുഡിഎഫ് സ്ഥാനാർത്ഥിയാകാനുള്ള സാധ്യതകളുണ്ട്.

മൂന്നുതവണ കൊട്ടാരക്കരയിൽ നിന്ന് സിപിഎം എംഎൽഎ ആയ, കന്നി മത്സരത്തിൽ രാഷ്ട്രീയ അതികായനായ ആർ ബാലകൃഷ്ണപിള്ളയെ മലർത്തിയടിച്ച ഐഷ പോറ്റിയാണ് അക്ഷരാർത്ഥത്തിൽ സിപിഎമ്മിനെ ഞെട്ടിച്ചത്. മനപ്പൂർവ്വം എന്ന തോന്നിപ്പിക്കുന്ന അവഗണനയിലും മാറ്റി നിർത്തലിലും പ്രതിഷേധിച്ചാണ് ഐഷ പോറ്റി കഴിഞ്ഞമാസം കോൺഗ്രസിൽ ചേർന്നത്. കൊട്ടാരക്കരയിൽ ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയാകും എന്നത് ഏറെക്കുറെ തീർച്ചയാണ്

ബിജെപിയിൽ ചേർന്ന മുൻ ദേവികുളം എംഎൽഎയും മുതിർന്ന നേതാവുമായ എസ് രാജേന്ദ്രനാണ് സിപിഎമ്മിന് പ്രഹരമേൽപ്പിച്ച മറ്റൊരു നേതാവ്. മറ്റു പല ഇടതു നേതാക്കളും കോൺഗ്രസ്സാണ് തട്ടകമായി കണക്കാക്കിയതെങ്കിൽ രാജേന്ദ്രൻ പോയത് ബദ്ധശത്രുവായ ബിജെപിയിലേക്കാണ്.

മുതിർന്ന നേതാക്കൾക്ക് പുറമെ അട്ടപ്പാടിയിലെ മുൻ ഏരിയ സെക്രട്ടറിയായ വി ആർ രാമകൃഷ്ണൻ, ടെലിവിഷൻ ചാനൽ ചർച്ചകളിൽ സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും മുഖമായിരുന്ന റെജി ലൂക്കോസ് തുടങ്ങിയവർ ഇടതുപാളയം വിട്ട് കാവിക്കൊടിക്ക് കീഴിൽ അടുത്തിടെ അണിനിരന്നു

സിപിഐയിലും കൊഴിഞ്ഞുപോക്ക്

രണ്ടുതവണ വൈക്കം എംഎൽഎ ആയിരുന്ന മുതിർന്ന സിപിഐ നേതാവ് കെ അജിത് ബിജെപിയിലേക്ക് പോയത് ദളിത് വിഭാഗങ്ങളോടുള്ള അവഗണന എന്ന ആരോപണം ഉയർത്തിയാണ്. എന്നാൽ കുറച്ചുകൂടി കൃത്യമായി സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ചാണ് നാട്ടികയിലെ സിപിഐയുടെ നിലവിലെ എംഎൽഎ ആയ സിസി മുകുന്ദൻ പുറത്തേക്ക് പോകുന്നത്. നാട്ടികയിൽ നേരത്തെ എംഎൽഎ ആയിരുന്ന ഗീതാഗോപിക്ക് സീറ്റ് നൽകാനുള്ള പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ചാണ് മുകുന്ദൻ മത്സരരംഗത്തേക്ക് ഇറങ്ങുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതും പാർട്ടിയിൽ നിന്ന് പുറത്താകുന്നതും.

പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് സീറ്റ് കിട്ടാത്തതിലുള്ള ‘അധികാരമോഹവും ദുരാർത്തിയുമാണെന്ന് പാർട്ടി നേതൃത്വം ആവർത്തിച്ച് പറയുമ്പോഴും ഉയരുന്ന ചോദ്യങ്ങൾ പലതാണ്. പാർട്ടിയുടെ അടവു നയം പറഞ്ഞ് പലർക്കും സീറ്റുകൾ നിഷേധിക്കുമ്പോൾ ചിലർക്കുമാത്രം ഇളവ് എന്തുകൊണ്ട് എന്ന ചോദ്യം ഉയരും ? മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാനോ കൂടെ നിർത്താനോ തയാറാകാത്ത യുവനിര പാർട്ടിക്കു ക്ഷീണം തന്നെയാണ്. പാർട്ടിക്കുള്ളിലെ അസംതൃപ്തികളെ കൃത്യമായി അഭിസംബോധനചെയ്യാത്തതും പുഴുക്കുത്തുകളെ മുളയിലെ നുള്ളാത്തതുമൊക്കെ പാർട്ടിക്കേറ്റ തിരിച്ചടികളാണ്.

എവിടെയാണ് നേതൃത്വത്തിന് പിഴച്ചത്? നേതൃത്വത്തിന്റെ പരാജയം എന്തുകൊണ്ടാണ് ചർച്ചയാകാത്തത്? കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു എന്ന് വിട്ടു പോയവരിൽ പലരും പരസ്യമായി പറഞ്ഞത് നിലവിലെ സിപിഎം നേതൃത്വത്തിന്റെ നേരെ ചൂണ്ടുവിരൽ ഉയർത്തുന്നുണ്ട്. കോടിയേരി ബാലകൃഷ്ണൻ എന്ന പക്വമതിയും നയതന്ത്രജ്ഞനുമായിരുന്ന നേതാവിന്റെ അഭാവം സിപിഎമ്മിനെ ഒട്ടൊന്നുമല്ല കുഴപ്പത്തിലാക്കിയത്. പരാതികൾ പലതും അതത് സമയം പരിഗണിച്ചിരുന്നെങ്കിൽ ഈ വിഷയങ്ങളൊന്നും ഇത്ര വഷളാകില്ലായിരുന്നുവെന്ന് എന്ന് നേതൃത്വത്തിലെ പലരും സമ്മതിക്കുന്നുമുണ്ട്.

conflicts in LDF as the election approaches

Share Email
LATEST
Top