ന്യൂഡല്‍ഹി: കണ്ണൂരിലെ സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ ഇടഞ്ഞു നില്ക്കുന്ന കെ.സുധാകരനെ ഡല്‍ഹിക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തിങ്കളാഴ്ച്ച രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുളള നേതാക്കളുമായി സുധാകരന്‍ കൂടിക്കാഴ്ച്ച നടത്തും. നിയമസഭയിലേക്ക് മത്സരിക്കാന് സീറ്റുണ്ടാവില്ല എന്ന സൂചനകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സുധാകരന്‍ ഇടഞ്ഞത്.
ഇതിനു പിന്നാലെ ഇന്നലെ ഡല്‍ഹിയില്‍ നിന്നും കണ്ണൂരേക്ക് മടങ്ങി. തുടര്‍ന്ന് ഇന്ന് വികാരാതീതനായി പേസ്ബുക്ക് പോസ്റ്റും ഇട്ടു. ഇതേ തുടര്‍ന്നാണ് ദേശീയ നേതൃത്വം ഡല്‍ഹിയിലേക്ക് ചര്‍ച്ചയ്ക്കാവി വിളിപ്പിച്ചിരിക്കുന്നത്.
കണ്ണൂരെന്നത് എന്റെ ഹൃദയരക്തമാണ്: വികാരഭരിതമായ കെ.സുധാകരന്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ
കണ്ണൂര്‍ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്നും എന്റെ മേല്‍വിലാസവുമാണ്. കല്ലില്‍ നിന്നും, കത്തിയില്‍ നിന്നും, അരിവാളില്‍ നിന്നും, ബോംബില്‍ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സംരക്ഷിക്കുന്നതുപോലെ ഞാന്‍ മുന്നില്‍ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികര്‍ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാന്‍ എനിക്കൊരിക്കലും സാധിക്കില്ല.
ഞാന്‍ ഉണരുമ്പോള്‍ എന്റെ കണ്ണില്‍ തെളിയുന്നത് ജീവനും രക്തവും നല്‍കി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാര്‍ട്ടിയുടെ സ്വപ്നങ്ങളാണ്.
ഞാന്‍ കണ്ണടക്കുമ്പോള്‍ ഉള്‍ക്കണ്ണില്‍ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാര്‍ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവര്‍ത്തകരുടെ ചേതനയറ്റ മുഖവുമാണ്.
കണ്ണൂര്‍ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോണ്‍ഗ്രസ്സുകാരുടെ
ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി
കെ. സുധാകരന്‍ എന്നും മുന്നില്‍ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയര്‍പ്പും വീണ മണ്ണില്‍, എന്റെ സഹപ്രവര്‍ത്തകരുടെ ചോരവീണ മണ്ണില്‍, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളര്‍ന്ന വിലാപങ്ങളുയര്‍ന്ന മണ്ണില്‍ കെ.സുധാകരന്‍ തലയുയര്‍ത്തി നില്ക്കും.
എന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിനിടയില്‍ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാന്‍ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളര്‍ന്നവരും പ്രവര്‍ത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാന്‍ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനല്‍ വഴികള്‍ ഒരുപക്ഷെ മറ്റുള്ളവര്‍ക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാര്‍ഥ്യങ്ങളാണ്.
Congress leadership summons K. Sudhakaran to Delhi: Sudhakaran to Delhi on Monday













