കർണാടകയിലും തെലങ്കാനയിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വൻ വിജയം നേടിക്കൊടുത്ത ഗ്യാരന്റി കാർഡ് തന്ത്രം കേരളത്തിലും നടപ്പിലാക്കാൻ ഒരുങ്ങി കോൺഗ്രസ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയാഗയാത്രയുടെ സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധിയാകും ഈ ജനപ്രിയ വാഗ്ദാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുക. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ട് നാലോളം പ്രധാന ഉറപ്പുകളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്.
സ്ത്രീകൾ, യുവജനങ്ങൾ, വയോജനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങൾക്ക് നേരിട്ട് സാമ്പത്തിക സഹായവും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന പദ്ധതികളാണ് ഗ്യാരന്റി കാർഡിലുണ്ടാവുക. വിശദമായ പ്രകടനപത്രിക വരും ദിവസങ്ങളിൽ പുറത്തിറക്കുമെങ്കിലും, ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രധാന കാര്യങ്ങളിൽ ഇപ്പോഴേ ഉറപ്പ് നൽകാനാണ് പാർട്ടി തീരുമാനം. മറ്റ് സംസ്ഥാനങ്ങളിലെ വിജയമാതൃക കേരളത്തിലും ആവർത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം.













