ഇറാനെതിരെയുള്ള സൈനിക നീക്കത്തിൽ സഹകരിക്കാത്ത നാറ്റോ സഖ്യകക്ഷികളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാറ്റോ രാജ്യങ്ങൾ ഭീരുക്കളാണെന്നും അമേരിക്കയുടെ പിന്തുണയില്ലെങ്കിൽ ഈ സഖ്യം വെറും കടലാസ് പുലി മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് സഖ്യകക്ഷികൾക്കെതിരെ രംഗത്തെത്തിയത്. ആണവശക്തിയായ ഇറാനെ തടയാനുള്ള പോരാട്ടത്തിൽ പങ്കുചേരാൻ തയ്യാറാകാത്ത രാജ്യങ്ങളുടെ നിലപാട് അമേരിക്ക ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാനുമായുള്ള യുദ്ധം മൂലം ഇന്ധനവില വർദ്ധിക്കുന്നതിൽ പരാതി പറയുന്ന നാറ്റോ രാജ്യങ്ങൾ, ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ സഹായിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. നിലവിലെ സൈനിക നീക്കം എണ്ണവില കുറയ്ക്കാൻ അത്യാവശ്യമാണെന്നും വളരെ ലളിതമായ ഈ പോരാട്ടത്തിൽ നിന്ന് സഖ്യകക്ഷികൾ വിട്ടുനിൽക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള യുദ്ധത്തിൽ ഇതിനോടകം തന്നെ അമേരിക്ക വിജയിച്ചതായും ട്രംപ് അവകാശപ്പെട്ടു. അമേരിക്കയുടെ സൈനിക കരുത്തിന് മുന്നിൽ നാറ്റോ രാജ്യങ്ങൾ കാണിക്കുന്ന നിസ്സംഗത താൻ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാൻ വിഷയത്തിൽ തന്ത്രപരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ സുരക്ഷിത ഗതാഗതത്തെ പിന്തുണയ്ക്കുമെങ്കിലും സജീവമായ പോരാട്ടം അവസാനിച്ചാൽ മാത്രമേ സൈനിക നീക്കങ്ങളിൽ പങ്കുചേരൂ എന്ന് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ സംരക്ഷിക്കുന്നതിനും സംഘർഷം ലഘൂകരിക്കുന്നതിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രതികരിച്ചു. സഖ്യകക്ഷികൾക്കിടയിലെ ഈ ഭിന്നത വരും ദിവസങ്ങളിൽ അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.












