തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. 25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടത്. നിലവിലെ മന്ത്രിമാരായ നാലുപേരും വീണ്ടും ജനവിധി തേടും. മന്ത്രി കെ. രാജൻ ഒല്ലൂരിലും, ജി.ആർ. അനിൽ നെടുമങ്ങാടും, പി. പ്രസാദ് ചേർത്തലയിലും, ജെ. ചിഞ്ചുറാണി ചടയമംഗലത്തും മത്സരിക്കും. ടേം വ്യവസ്ഥയിൽ കെ. രാജനും ഇ.ടി. ടൈസണും ഇളവ് നൽകിയാണ് പാർട്ടി വീണ്ടും അവസരം നൽകിയത്.
സ്ഥാനാർത്ഥി പട്ടികയിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യം കവിയും സാംസ്കാരിക പ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണന്റേതാണ്. തൃശൂർ മണ്ഡലത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിടാൻ പറവൂർ മണ്ഡലത്തിൽ ഇ.ടി. ടൈസണെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. കയ്പമംഗലം സിറ്റിംഗ് എംഎൽഎയായ ടൈസൺ മണ്ഡലം മാറിയാണ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. കയ്പമംഗലത്ത് കെ.കെ. വത്സരാജാണ് പുതിയ സ്ഥാനാർത്ഥി. പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിൻ വീണ്ടും മത്സരിക്കുമ്പോൾ നാട്ടികയിൽ ഗീതാ ഗോപിയാണ് സ്ഥാനാർത്ഥി.
മറ്റ് പ്രധാന സ്ഥാനാർത്ഥികൾ: കാഞ്ഞങ്ങാട് – ഗോവിന്ദൻ പള്ളിക്കാപ്പിൽ, നാദാപുരം – പി. വസന്തം, പീരുമേട് – കെ. സലിംകുമാർ, വൈക്കം – പി. പ്രദീപ്, മൂവാറ്റുപുഴ – എൻ. അരുൺ, അടൂർ – പ്രിജി ശശിധരൻ. ഹരിപ്പാട് ടി.ടി. ജിസ്മോനും മണ്ണാർക്കാട് മൻസിൽ അബൂബക്കറും ജനവിധി തേടും. ഏറനാട്ടിലും മഞ്ചേരിയിലും സ്വതന്ത്ര സ്ഥാനാർത്ഥികളെയാണ് സിപിഐ പിന്തുണയ്ക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായി സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് പ്രചാരണ രംഗത്ത് മുൻതൂക്കം നേടാനാണ് എൽഡിഎഫ് ഘടകകക്ഷിയായ സിപിഐ ലക്ഷ്യമിടുന്നത്.













