പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെയും കടുത്ത അച്ചടക്കലംഘനത്തിന്റെയും പേരിൽ നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ സിപിഐ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. ഇന്ന് ചേർന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനപ്രകാരം മണ്ഡലം കമ്മിറ്റിയാണ് നടപടി നടപ്പിലാക്കിയത്. അരനൂറ്റാണ്ടുകാലം പാർട്ടിയുടെ പ്രധാന നേതാവായിരുന്ന മുകുന്ദൻ വർഗ്ഗവഞ്ചകനാണെന്നും പാർട്ടിയെ വഞ്ചിച്ചുവെന്നും ജില്ലാ നേതൃയോഗങ്ങളിൽ രൂക്ഷമായ വിമർശനം ഉയർന്നു. കഴിഞ്ഞ സമ്മേളനക്കാലത്ത് അച്ചടക്കനടപടിയുടെ ഭാഗമായി അദ്ദേഹത്തെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് ഒഴിവാക്കിയിരുന്നുവെങ്കിലും തിരുത്താൻ തയ്യാറാകാത്തതിനാലാണ് പുറത്താക്കൽ നടപടിയിലേക്ക് നീങ്ങിയത്.
ഇരുപത്തിരണ്ടാം വയസ്സിൽ പാർട്ടിയിൽ എത്തിയത് മുതൽ മുകുന്ദനും കുടുംബത്തിനും നൽകിയ ആനുകൂല്യങ്ങൾ അക്കമിട്ടു നിരത്തിയാണ് സിപിഐ പത്രക്കുറിപ്പ് ഇറക്കിയത്. ജോലി, പെൻഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദവികൾ, വീട് നിർമ്മിച്ചു നൽകാനുള്ള വാഗ്ദാനം എന്നിവയെല്ലാം പാർട്ടി നൽകിയിട്ടും അദ്ദേഹം വഞ്ചിച്ചുവെന്ന് നേതൃത്വം ആരോപിക്കുന്നു. മുകുന്ദന്റെ വായ്പാ കുടിശ്ശിക തീർക്കാൻ പാർട്ടി പണം നൽകിയ കാര്യവും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. സി.സി. മുകുന്ദനെ ചേർത്തുപിടിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ പറഞ്ഞിരുന്നുവെങ്കിലും നേതൃത്വത്തെ വെല്ലുവിളിച്ച് അദ്ദേഹം വിമർശനം തുടരുകയായിരുന്നു.
അതേസമയം, പാർട്ടി നടപടി താൻ പ്രതീക്ഷിച്ചിരുന്നതാണെന്നും ഇതിൽ അത്ഭുതമോ ഭയമോ ഇല്ലെന്നും സി.സി. മുകുന്ദൻ പ്രതികരിച്ചു. തന്നെ ദ്രോഹിച്ചവരെക്കുറിച്ചുള്ള സത്യങ്ങൾ വരും ദിവസങ്ങളിലും തിരഞ്ഞെടുപ്പ് യോഗങ്ങളിലും ജനങ്ങളോട് തുറന്നുപറയുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ നീതികേടിനെതിരെയുള്ള തന്റെ പ്രതിഷേധം അറിയിക്കാനാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇതിനായി കോൺഗ്രസിന്റെയും ബിജെപിയുടെയും ഉൾപ്പെടെ എല്ലാവരുടെയും പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
സി.സി. മുകുന്ദന്റെ വിമത നീക്കത്തോടെ നാട്ടികയിൽ എൽഡിഎഫ് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ്. മുൻ എംഎൽഎ ഗീത ഗോപിയെയാണ് ഇത്തവണ പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. മുകുന്ദൻ സ്വതന്ത്രനായി രംഗത്തെത്തുന്നത് മണ്ഡലത്തിലെ വോട്ട് ബാങ്കിനെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. മുകുന്ദനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം പാർട്ടി പ്രവർത്തകർ അദ്ദേഹത്തോടൊപ്പം പോകുമോ എന്ന ആശങ്കയും സിപിഐ നേതൃത്വത്തിനുണ്ട്.











