ആലപ്പുഴയിൽ സിപിഎം നേതൃത്വവും മുതിർന്ന നേതാവ് ജി. സുധാകരനും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. നാളെ സുധാകരൻ വാർത്താസമ്മേളനം വിളിച്ചതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ജില്ലാ നേതൃത്വം അടിയന്തര അനുനയ നീക്കവുമായി അദ്ദേഹത്തിന്റെ വീട്ടിലെത്തി. ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ നേതൃത്വത്തിലുള്ള സെക്രട്ടറിയേറ്റ് അംഗങ്ങളാണ് സുധാകരനുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ പാർട്ടിയുടെ ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് അദ്ദേഹം.
വാർത്താസമ്മേളനം ഉപേക്ഷിക്കണമെന്നും നിലപാട് മയപ്പെടുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും സുധാകരൻ ഇത് നിരസിച്ചു. തന്റെ നിലപാടിൽ മാറ്റമില്ലെന്നും നാളെ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം നേതാക്കളെ അറിയിച്ചു. എച്ച്. സലാം ഒഴികെയുള്ള എല്ലാ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ നേതാക്കൾ ഇത് സാധാരണ കൂടിക്കാഴ്ച മാത്രമാണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.
സുധാകരൻ പാർട്ടിക്കൊപ്പമാണെന്നും വാർത്താസമ്മേളനം നടത്തുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് പറയാനുള്ളത് പറയട്ടെ എന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജില്ലയിലെ മുതിർന്ന നേതാവ് പരസ്യമായ അതൃപ്തി പ്രകടിപ്പിക്കുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നാളത്തെ വാർത്താസമ്മേളനത്തിൽ സുധാകരൻ എന്ത് വെളിപ്പെടുത്തലായിരിക്കും നടത്തുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.













