അങ്കത്തട്ടിൽ ‘അപര’രുടെ പെരുങ്കളിയാട്ടം; മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അപരന്മാർ, പ്രമുഖർക്കെല്ലാം അപര ഭീഷണി രൂക്ഷം

അങ്കത്തട്ടിൽ ‘അപര’രുടെ പെരുങ്കളിയാട്ടം; മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അപരന്മാർ, പ്രമുഖർക്കെല്ലാം അപര ഭീഷണി രൂക്ഷം

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെ പ്രമുഖ മുന്നണി സ്ഥാനാർത്ഥികളെ ആശങ്കയിലാഴ്ത്തി അപരന്മാരുടെ പട രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരടക്കമുള്ള പ്രമുഖർക്കെതിരെ സമാന പേരുള്ളവർ പത്രിക സമർപ്പിച്ചു. ധർമ്മടത്ത് വിജയൻ എ.എം. ആണ് മുഖ്യമന്ത്രിയുടെ അപരനായി പത്രിക നൽകിയത്. പറവൂരിൽ വി.ഡി. സതീശനെതിരെ കൈതാരം സ്വദേശി കെ.ബി. സതീശൻ അപരനായി എത്തിയിട്ടുണ്ട്. വോട്ടെണ്ണുമ്പോൾ അപരന്മാർ നേടുന്ന ചെറിയ വോട്ടുകൾ പോലും വിജയപരാജയങ്ങളെ സ്വാധീനിക്കാറുള്ളതിനാൽ മുന്നണികൾ കടുത്ത ജാഗ്രതയിലാണ്.

മലബാർ മേഖലയിൽ മന്ത്രിമാർക്കും പ്രമുഖർക്കും എതിരെ അപരന്മാർ സജീവമാണ്. ബേപ്പൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ അപരന്മാരുള്ളത്; ഇവിടെ ആകെ ആറ് അപര സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ രണ്ടുപേരും യു.ഡി.എഫ്. സ്ഥാനാർത്ഥി പി.വി. അൻവറിനെതിരെ നാല് പേരും അപരന്മാരായി രംഗത്തുണ്ട്. പേരാവൂരിൽ കെ.കെ. ശൈലജയ്ക്കും സണ്ണി ജോസഫിനും രണ്ട് അപരന്മാർ വീതമാണുള്ളത്. തിരൂരിൽ മന്ത്രി വി. അബ്ദുറഹിമാനും അപരഭീഷണിയുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലെ മറ്റ് മണ്ഡലങ്ങളിലും സമാനമായ പേരുള്ള സ്വതന്ത്ര സ്ഥാനാർത്ഥികൾ വെല്ലുവിളിയുയർത്തുന്നുണ്ട്.

തെക്കൻ കേരളത്തിലും സ്ഥിതി സമാനമാണ്. അരുവിക്കരയിൽ വി.എസ്. ശിവകുമാറിനും ജി. സ്റ്റീഫനും അപരന്മാരുണ്ട്. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരനെതിരെയും അപരൻ പത്രിക നൽകി. വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്തിനും തിരുവനന്തപുരത്ത് സി.പി. ജോണിനും അപരന്മാരുടെ വെല്ലുവിളിയുണ്ട്. വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കി വോട്ട് ചോർത്തുക എന്ന ലക്ഷ്യത്തോടെയാണ് പലപ്പോഴും അപരന്മാരെ രംഗത്തിറക്കുന്നത്. ചിഹ്നങ്ങൾ അനുവദിക്കുന്നതോടെ വോട്ടർമാർക്ക് ഇവരെ തിരിച്ചറിയാൻ സാധിക്കുമെങ്കിലും അതീവ ജാഗ്രതയോടെയുള്ള പ്രചാരണത്തിനാണ് മുന്നണികൾ തയ്യാറെടുക്കുന്നത്.

Share Email
LATEST
Top