യുഡിഎഫിന്റെ ‘കൈ’ വിടാതെ എറണാകുളം: അട്ടിമറിക്കായി എല്‍ഡിഎഫ്

യുഡിഎഫിന്റെ ‘കൈ’ വിടാതെ എറണാകുളം: അട്ടിമറിക്കായി എല്‍ഡിഎഫ്

ലിന്‍സി ഫിലിപ്‌സ്

എറണാകുളത്തിന്റെ മണ്ണ് യുഡിഎഫ് അനുകൂല നിലപാടാണ് പതിറ്റാണ്ടുകളായി കാണിക്കുന്നത്. ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേരളത്തിന്റെ മറ്റു ജില്ലകളിലെല്ലാം ഇടത് കാറ്റ് ആഞ്ഞടിക്കുമ്പോഴും സംസ്ഥാനത്തിന്റെ വ്യാവസായിക ജില്ലയായ എറണാകുളത്തിന് എപ്പോഴും അല്പം വലത്തോട്ടുള്ള ചായ്‌വ് ആണുള്ളത്. ഏറ്റവും ഒടുവില്‍ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ അതിന്റെ നേര്‍ സാക്ഷ്യമായിരുന്നു. ഇടതു തരംഗം ആഞ്ഞടിച്ച കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും എറണാകുളത്തെ ഭൂരിപക്ഷം മണ്ഡലങ്ങളും യുഡിഎഫിനൊപ്പമായിരുന്നു.

14 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന എറണാകുളത്ത് ഒന്‍പതിടത്ത് യുഡിഎഫ് അഞ്ചു മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് എന്നതാണ് സ്ഥിതി. കൊച്ചി കോര്‍പറേഷന്‍, 13 നഗരസഭകള്‍, 82 ഗ്രാമപഞ്ചായത്തുകള്‍ ഇവ ഉള്‍പ്പെടുന്നതാണ് എറണാകുളം ജില്ല

2021ല്‍ -ല്‍ ഒന്‍പതിടത്ത് യുഡിഎഫ്

പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, പറവൂര്‍, എറണാകുളം, തൃക്കാക്കര, പിറവം, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ മണ്ഡലങ്ങളിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു ലഭിച്ചത്. കളമശേരിരി, കുന്നത്തുനാട്, വൈപ്പിന്‍, കൊച്ചി, കോതമംഗലം എന്നിവയാണ് ഇടതുപക്ഷ മണ്ഡലങ്ങള്‍.

ഉപതെരഞ്ഞെടുപ്പു മുതല്‍ തദ്ദേശം വരെ യുഡിഎഫ്

തൃക്കാക്കരയില്‍ പി.ടി. തോമസ് എംഎല്‍എയുടെ മരണത്തിനുശേഷം 2022 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മണ്ഡലത്തിലെ ഭൂരിപക്ഷം വര്‍ധിപ്പിച്ചു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജില്ലയുടെ ഭാഗമായി വരുന്ന ലോക്സഭാ മണ്ഡലങ്ങളിലും യുഡി എഫിനായിരുന്നു സര്‍വാധിപത്യം. എറണാകുളം , ചാലക്കുടി, ഇടുക്കി, കോട്ടയം മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പോടെ യുഡിഎഫ് വമ്പന്‍ കുതിപ്പ് നടത്തി. കൊച്ചി കോര്‍പറേഷനില്‍ 76 ല്‍ 47 ഡിവിഷനുകളിലും വിജയിച്ചാണ് യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചത്. ജില്ലാ പഞ്ചായത്തില്‍ 28 ഡിവിഷനുകളില്‍ 25 ഉം സ്വന്തമാക്കി അധികാരത്തിലേറിയപ്പോള്‍ 13 ല്‍ 12 നഗരസഭകളില്‍ ഭരണം സ്വന്തമാക്കി. 14 ബ്ലോക്ക് പഞ്ചായത്തുകള്‍ 13 ഉം ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്തുകള്‍ 82ല്‍ 71.ഉം നേടി യുഡിഎഫ് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി.

തദ്ദേശത്തിന്റെ തനിയാവര്‍ത്തനമുണ്ടാകുമോ?

ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ കുതിപ്പ് നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാവുമോ എന്ന ചോദ്യമാണ് അതിശക്തമായി ഉയരുന്നത്. തദ്ദേശ സ്ഥിതി തുടര്‍ന്നാല്‍ 14 ജില്ലകളിലും വമ്പന്‍ ആധിപത്യത്തിനും സാധ്യത നിലനില്ക്കുന്നതായാണ് രാാഷ്ട്രീയ നിരീക്ഷകര്‍. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പു പോലെയല്ല, നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണമികവിന്റെയും സ്ഥാനാര്‍ഥി പ്രഭാവത്തിന്റെയും പൊലിമയില്‍ നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്താനും കൂടുതല്‍ സീറ്റുകള്‍ നേടാനും ആകുമെന്ന കണക്കുകൂട്ടലാണ് ഇടതു മുന്നണിക്കുള്ളത്. തൃപ്പൂണിത്തുറ നഗരസഭ ഭരണം പിടിച്ചെങ്കിലും നിയമസഭയില്‍ ബിജെപി കാര്യമായി പ്രതീക്ഷിക്കുന്നില്ല.ട്വന്റി 20 എന്‍ഡിഎ പാളയത്തിലെത്തിയത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആ മുന്നണിയെ ജയത്തിലേക്കെത്തിക്കുന്ന നേട്ടമാകുമെന്ന് ആരും കണക്കുകൂട്ടുന്നില്ലെങ്കിലും, ഇടതു, വലതു സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങളെ അതു സ്വാധീനിക്കുമെന്നുറപ്പ്.

എംഎല്‍എമാരേറെയും മത്സരത്തിന്
നിലവിലെ സ്ഥിതിയില്‍ ജില്ലയിലെ സിറ്റിംഗ് എംഎല്‍എമാരില്‍ കെ. ബാബു ഒഴികെയുള്ളവര്‍ മത്സരരംഗത്തുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. റോജി എം.ജോണ്‍ (അങ്കമാലി), അന്‍വര്‍ സാദത്ത് (ആലുവ), വി.ഡി. സതീശന്‍ (പറവൂര്‍), ടി.ജെ. വിനോദ് (എറണാകുളം), ഉമ തോമസ് (തൃക്കാക്കര), മാത്യു കുഴല്‍നാടന്‍ (മൂവാറ്റുപുഴ), അനൂപ് ജേക്കബ് (പിറവം) എന്നിവര്‍ യുഡിഎഫില്‍ സീറ്റുറപ്പിച്ചു. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ കാര്യത്തില്‍ അനിശ്ചിതത്വം.

എല്‍ഡിഎഫില്‍ മന്ത്രി പി.രാജീവ് (കളമശേരി) കെ.എന്‍. ഉണ്ണികൃഷ്ണന്‍ (വൈപ്പിന്‍), കെ.ജെ. മാക്‌സി (കൊച്ചി), ആന്റണി ജോണ്‍ (കോതമംഗലം), പി.വി. ശ്രീനിജന്‍ (കുന്നത്തുനാട്) അഡ്വ. പുഷ്പാദാസ് (തൃക്കാക്കര), കെ.എന്‍ ഉണ്ണികൃഷ്ണന്‍ (തൃപ്പൂണിത്തുറ )എന്നിവരെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ളവരാണ്. ഘടകകക്ഷികളുടെ സീറ്റുകളില്‍ മാറ്റങ്ങളുണ്ടായില്ലെങ്കില്‍ യുഡിഎഫില്‍ കേരള കോണ്‍ഗ്രസിനുള്ള കോതമംഗലം സീറ്റില്‍ ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറവും കളമശേരിയില്‍ മ അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂറും വീണ്ടും അങ്കത്തിനിറിയേക്കും തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ പകരക്കാരനുവേണ്ടിയുള്ള ചര്‍ച്ച സജീവമാണ്.

എന്‍ഡിഎയില്‍ ട്വന്റി 20 മത്സരിക്കുന്ന അങ്കമാലിയില്‍ അഡ്വ. ചാര്‍ളി പോള്‍ മത്സരരിക്കും. കുന്നത്തുനാട് പൊതുസ്വീകാര്യതയുള്ള സ്ഥാനാര്‍ഥിക്കായുള്ള ചര്‍ച്ചകളുണ്ട്. പറവൂരില്‍ മത്സരിക്കുന്ന വി.ഡി. സതീശന്‍ ജയിക്കുകയും യുഡിഎഫ് അധികാരത്തിലെത്തുകയും ചെയ്താല്‍ വി.ഡി സതീശന് മുഖ്യമന്ത്രി കസേര അകലെയാകില്ല. അതു സംഭവിച്ചാല്‍ ജില്ലയ്ക്ക് അതു പുതുചരിത്രമാകും.

കുന്നത്തുനാട് ഉള്‍പ്പടെ ജില്ലയിലെ ചില മണ്ഡലങ്ങളില്‍ വേരോട്ടമുള്ള ട്വന്റി 20 എന്‍ഡിഎയുടെ ഭാഗമായശേഷമുള്ള ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍, എന്തു ചലനമുണ്ടാക്കുമെന്നത് കാത്തിരുന്നുകാണാം. 2021ല്‍ എട്ടു മണ്ഡലങ്ങളില്‍ മത്സരിച്ച ട്വന്റി 20 കുന്നത്തുനാട്, കൊച്ചി, വൈപ്പിന്‍, പെരുമ്പാവൂര്‍ മണ്ഡലങ്ങളില്‍ ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്കെത്തിയിരുന്നു. കുന്നത്തുനാട്ടില്‍ 42701 വോട്ടുകള്‍ നേടിയ ട്വന്റി 20 തെരഞ്ഞെടുപ്പുഫലത്തില്‍ നിര്‍ണായക സ്വാധീനമായി. പൊതുവായ രാഷ്ട്രീയ സാഹചര്യങ്ങളെയും വികസന ദര്‍ശനങ്ങളെയും സ്ഥാനാര്‍ഥികളുടെ വ്യക്തിത്വമികവുകളെയും സൂക്ഷ്മമായി വിലയിരുത്തി വോട്ടു ചെയ്യാനുറച്ചവരാണ് എറണാകുളം ജില്ലയിലധികവും. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും ഭരണത്തുടര്‍ച്ചയുടെ അനിവാര്യത ഓര്‍മപ്പെടുത്തുകയുമാണ് ഇടതുപക്ഷത്തിന്റെ വോട്ടു പിടുത്തം

കളമശേരി ഉള്‍പ്പടെ ജില്ലയിലെ ഇടതുമണ്ഡലങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ സിപിഎം ഉയര്‍ത്തിക്കാട്ടുന്നു. ചെല്ലാനത്ത് കടലാക്രമണം നേരിടാനുള്ള ടെട്രാപ്പോഡ് പദ്ധതി, കൊച്ചിയിലെ മെട്രോ വികസനം എന്നിവയും ഇടതുനേട്ടങ്ങളായി പ്രചാരണത്തില്‍ ഇടംപിടിക്കും.
സംസ്ഥാനത്തെ ഭരണവിരുദ്ധവികാരം ഉറക്കെപ്പറഞ്ഞാകും എറണാകുളത്തും യുഡിഎഫിന്റെ മുഖ്യപ്രചാരണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ മിന്നും ജയത്തിന്റെ ശോഭ കെടാതെ, ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വിജയം ഉറപ്പാക്കാമെന്നു യുഡിഎഫ് കണക്കുകൂട്ടുന്നു.

ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍
എറണാകുളം
തൃക്കാക്കര
തൃപ്പൂണിത്തുറ
പിറവം
മൂവാറ്റുപുഴ
പെരുമ്പാവൂര്‍
അങ്കമാലി
ആലുവ
പറവൂര്‍
കോതമംഗലം
കളമശേരി
കുന്നത്തുനാട്
വൈപ്പിന്‍
കൊച്ചി

2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കക്ഷിനില

യുഡിഎഫ് – 09
എല്‍ഡിഎഫ് – 05
എന്‍ഡിഎ – 00

2025 തദ്ദേശ തെരഞ്ഞെടുപ്പ്
കൊച്ചി കോര്‍പറേഷന്‍
യുഡിഎഫ്- 47
എല്‍ഡിഎഫ് – 22
എന്‍ഡിഎ – 06

ജില്ലാ പഞ്ചായത്ത്
യുഡിഎഫ്- 25
എല്‍ഡിഎഫ് – 03
എന്‍ഡിഎ – 00

നഗരസഭകള്‍
യുഡിഎഫ്- 12
എല്‍ഡിഎഫ് – 00
എന്‍ഡിഎ – 01

ബ്ലോക്ക് പഞ്ചായത്ത്
യുഡിഎഫ്- 13
എല്‍ഡിഎഫ് – 01
എന്‍ഡിഎ – 00

ഗ്രാമപഞ്ചായത്തുകള്‍
യുഡിഎഫ്- 71
എല്‍ഡിഎഫ് – 07
ട്വന്റി 20- 04

Ernakulam without letting go of UDF’s ‘hand’: LDF ready for coup

Share Email
Top