വാഷിംഗ്ടൺ/ബെയ്റൂട്ട്: ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഭീഷണി നേരിടുന്ന എണ്ണക്കപ്പലുകൾക്ക് സുരക്ഷ ഒരുക്കാൻ യുദ്ധക്കപ്പലുകൾ വിന്യസിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പുകൾ. ഈ നടപടി ‘വളരെ അപകടകരമായ ഒരു ദൗത്യമാണ്’ എന്നാണ് വിദേശകാര്യ വിദഗ്ധർ വിലയിരുത്തുന്നത്. ലോകത്തെ മൊത്തം ക്രൂഡ് ഓയിൽ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന ഈ പ്രധാന ജലപാത ഇറാൻ ഭാഗികമായി തടസ്സപ്പെടുത്തിയതോടെയാണ് ആഗോള ഇന്ധന പ്രതിസന്ധി രൂക്ഷമായതും അമേരിക്ക സൈനിക നടപടിക്ക് മുൻഗണന നൽകിയതും.
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കയ്‌ക്കൊപ്പം മറ്റു രാജ്യങ്ങളും യുദ്ധക്കപ്പലുകൾ അയക്കുമെന്ന് ട്രംപ് ശനിയാഴ്ച അവകാശപ്പെട്ടു. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയ രാജ്യങ്ങൾ ഈ ദൗത്യത്തിൽ പങ്കാളികളാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. എന്നാൽ ഏതൊക്കെ രാജ്യങ്ങൾ ഔദ്യോഗികമായി സഹകരിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
അതേസമയം, പ്രതിരോധ നയരൂപീകരണ വിദഗ്ധയായ റോസ്‌മേരി കെലാനിക് ഈ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി. കടലിടുക്കിന്റെ വടക്കൻ ഭാഗങ്ങളിൽ ഇറാന് വ്യക്തമായ മേൽക്കൈയുണ്ടെന്നും ഡ്രോണുകൾ മുതൽ മിസൈലുകൾ വരെ ഉപയോഗിച്ച് ഏത് സമയത്തും ആക്രമണം നടത്താൻ അവർക്ക് കഴിവുണ്ടെന്നും അവർ സിഎൻഎന്നിനോട് പറഞ്ഞു. കടലിടുക്കിന്റെ ഇടുങ്ങിയ വീതി അപകടസാധ്യത കൂട്ടുന്നുണ്ട്. തീരത്തു നിന്നുള്ള ആക്രമണങ്ങൾ നേരിടുമ്പോൾ കപ്പലുകൾക്ക് പ്രതിരോധിക്കാൻ ആവശ്യമായ സമയം ലഭിക്കില്ലെന്ന് കെലാനിക് ചൂണ്ടിക്കാട്ടി. യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസിന്റെ കണക്കനുസരിച്ച്, ഫെബ്രുവരി 28ന് സംഘർഷം തുടങ്ങിയതു മുതൽ പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ ഗൾഫ് എന്നിവിടങ്ങളിൽ ആകെ 17 കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുഎസ് സൈന്യത്തിന്റെ ഇടപെടൽ മേഖലയിലെ സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്നാണ് വിലയിരുത്തലുകൾ.













