സംഗീതത്തിനു ചാരുത പകര്‍ന്ന ഫാ. ജോണ്‍ പിച്ചാപ്പിള്ളില്‍ പൗരോഹിത്യത്തിന്റെ 48-ാം വാര്‍ഷിക നിറവില്‍

സംഗീതത്തിനു ചാരുത പകര്‍ന്ന ഫാ. ജോണ്‍ പിച്ചാപ്പിള്ളില്‍ പൗരോഹിത്യത്തിന്റെ 48-ാം വാര്‍ഷിക നിറവില്‍

പൗരോഹിത്യ ശുശ്രൂഷയില്‍ 48-ാം വര്‍ഷത്തിലേക്ക് കടന്ന ഫാ. ജോണ്‍ പിച്ചാപ്പി ള്ളിലിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ വാര്‍ഷികവും ജന്മദിനവും ആഘോഷിച്ചു. ഫാ. ജോണ്‍ പിച്ചാപ്പിള്ളില്‍ ഇപ്പോള്‍ സേവനം ചെയ്യുന്ന കാനഡയിലെ ഹാലിഫാക്‌സില്‍ വച്ചായിരുന്നു ആഘോഷം.

ഗാനരചയിതാവും എഴുത്തുകാരനും മികച്ച ഒരു പ്രഭാഷകന്‍ഡ കൂടിയുമായ ഫാ. ജോണ് പിച്ചാപ്പിളളില്‍ നിരവധി സംഗീത ആല്‍ബങ്ങള്‍ക്കായി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസ് പാടി തരംഗിണി പ്രസാദനം ചെയ്ത തിരുപാഥേയം, സ്വസ്തി, ദിവ്യാഞ്ജലി, ദിവ്യാനുഭൂതി, ആത്മധ്യാനം, ആത്മദീപ്തി, കുരിശിലെ വചനങ്ങള്‍ എന്നീ സംഗീതാല്‍ബങ്ങളിലെ എല്ലാ ഗാനങ്ങളും ഈ പുരോഹിതന്‍ രചിച്ചതാണ്. യേശുദാസ് പാടിയ 80 ഓളം ഗാനങ്ങള്‍ രചിച്ചത് ഫാ.ജോണ്‍ പിച്ചാപ്പിള്ളിയാണ്.

ഓള്‍ ഇന്ത്യ റേഡിയോയില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ദൂരദര്‍ശന്‍ രംഗാവിഷ്‌ക്കരണം ചെയ്ത് പ്രണാമം’ എന്ന പേരില്‍ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. സിനിമാ-നാടകഗാനങ്ങളും ദേശഭക്തിഗാനങ്ങളും ഭക്തിഗാനങ്ങളും സാമൂഹികഗാനങ്ങളുമടക്കം 1000 ലധികം ഗാനങ്ങളും കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ തോക്കുപാറ പിച്ചാപ്പിള്ളി കുടുംബാംഗമായ ഫാ. ജോണ്‍ പിച്ചാപ്പിള്ളി 1978-ല്‍ കോട്ടയം വടവാതൂര്‍ സെമിനാരിയില്‍ നിന്നും വൈദീകപഠനം പൂര്‍ത്തിയാക്കി. കോതമംഗലം രൂപതയില്‍ 12 വര്‍ഷം വിവിധ ഇടവകകളിലും വിദ്യാഭ്യാസ രംഗത്തും സേവനമനുഷ്ഠിച്ച ശേഷം 1990ല്‍ കാനഡയിലെ ഹാലിഫാക്‌സ് അതിരൂപതയില്‍ അംഗമായി ചേര്‍ന്ന് വൈദിക സേവനം തുടരുകയാണ്.

ഫാ. പിച്ചാപ്പിള്ളിയുടെ നേത്യത്വത്തില്‍ ആരംഭിച്ച തൊടുപുഴ ‘സരിഗ സംഗീതാലയ ഓര്‍ക്കസ്ട്ര’ കേരളത്തിലും കാനഡയിലും അമേരിക്കയിലും അനേകം വേദികളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ബൈബിള്‍ വചനങ്ങളെ അടിസ്ഥാനമാക്കി ചിരിയും ചിന്തയും സമരസമായി കോര്‍ത്തിണക്കി ഫാ. പിച്ചാപ്പിള്ളി രചനയും സംവിധാനവും നിര്‍വ്വഹിച്ച് വത്തിക്കാന്‍ റേഡിയോയില്‍ അവതരിപ്പിച്ച ‘ചിന്താമലരുകള്‍’ എന്ന പരിപാടി ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടിരുന്നു.ദ് ടേബിള്‍ ഓഫ് ദ് വേഡ് ഉല്‍പ്പെടെ നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മലയാളവേദിയുടെ 2007ലെ സാഹിത്യ സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌ക്കാരം കെ.ജെ. യേശുദാസ് ഡാലസില്‍ വച്ച് അദ്ദേഹത്തിനു സമ്മാനിച്ചിരുന്നു.

Fr. John Pichapilli, who brought elegance to music, celebrates his 48th anniversary of priesthood

Share Email
Top