കെ-ടെറ്റ് യോഗ്യതയിൽ വീണ്ടും ഇളവ്: അധ്യാപകർക്ക് ആശ്വാസമായി വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം

കെ-ടെറ്റ് യോഗ്യതയിൽ വീണ്ടും ഇളവ്: അധ്യാപകർക്ക് ആശ്വാസമായി വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം

തിരുവനന്തപുരം: ഹൈസ്കൂൾ തലം വരെയുള്ള അധ്യാപകരുടെ നിയമന യോഗ്യതയായ കെ-ടെറ്റിൽ (K-TET) സുപ്രധാന ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. പ്രമോഷൻ വഴിയോ ബൈട്രാൻസ്ഫർ (By-Transfer) വഴിയോ നിയമനം ലഭിക്കുന്ന അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത നേടുന്നതിന് രണ്ട് വർഷത്തെ സാവകാശം നൽകാനാണ് സർക്കാർ തീരുമാനം. 2025 സെപ്റ്റംബർ ഒന്നിന് മുമ്പ് സ്ഥാനക്കയറ്റത്തിന് അർഹരായവർക്ക് ഈ ആനുകൂല്യം ലഭിക്കും.

പുതിയ ഉത്തരവ് പ്രകാരം, സ്ഥാനക്കയറ്റം ലഭിക്കുന്നവർ രണ്ട് വർഷത്തിനകം കെ-ടെറ്റ് വിജയിക്കണമെന്ന നിബന്ധനയോടെ നിയമനം അംഗീകരിക്കും. 2025 സെപ്റ്റംബർ ഒന്ന് മുതലായിരിക്കും ഈ രണ്ട് വർഷത്തെ കാലയളവ് കണക്കാക്കുക. അധ്യാപക തസ്തികയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ലാബ് അസിസ്റ്റന്റുമാർക്കും മറ്റ് അനധ്യാപക ജീവനക്കാർക്കും ഇതേ മാനദണ്ഡം ബാധകമായിരിക്കും. ആർക്കും ജോലി നഷ്ടപ്പെടരുത് എന്നതാണ് സർക്കാരിന്റെ നയമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

കെ-ടെറ്റ് നിർബന്ധമാക്കിയ സുപ്രീം കോടതി വിധിയെത്തുടർന്ന് പല അധ്യാപകരുടെയും ശമ്പളവും നിയമനവും പ്രതിസന്ധിയിലായിരുന്നു. എന്നാൽ, പുതിയ ഇളവ് പ്രകാരം കെ-ടെറ്റ് പാസാകാത്തവർക്ക് ശമ്പളം നിഷേധിക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകി. നെറ്റ് (NET), സെറ്റ് (SET), എംഫിൽ, പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് 2025 സെപ്റ്റംബർ ഒന്നിന് മുമ്പ് നിയമനം ലഭിച്ചിട്ടുണ്ടെങ്കിൽ അവർക്കും പ്രത്യേക പരിഗണന ലഭിക്കും. അതേസമയം, ഈ ഇളവുകളെല്ലാം സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Share Email
LATEST
Top