വിവാദ സിനിമയായ ‘കേരള സ്റ്റോറി 2’ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ തനിക്ക് സന്തോഷമുണ്ടെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സിനിമയിൽ കാണിക്കുന്നതല്ല കേരളത്തിന്റെ യഥാർത്ഥ സംസ്കാരമെന്നും, ഈ ചിത്രം ആരും കാണുന്നില്ലെന്നത് മലയാളികളുടെ പ്രബുദ്ധതയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാനം മരിയൻ കോളേജിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് രാഹുൽ ഗാന്ധി സിനിമയ്ക്കെതിരായ തന്റെ നിലപാട് വ്യക്തമാക്കിയത്.
സിനിമയെയും മാധ്യമങ്ങളെയും ഉപയോഗിച്ച് ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനും ചില വിഭാഗങ്ങളെ അപരവൽക്കരിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ രാജ്യത്ത് നടക്കുന്നുണ്ടെന്ന് രാഹുൽ ആരോപിച്ചു. ഇതിനായി വലിയ തോതിൽ പണം ചിലവാക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെ ദോഷകരമായി ബാധിക്കും. സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് രാജ്യത്തെ ഭൂരിഭാഗം പേർക്കും അറിയാമെന്നും, ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ കേരളത്തിൽ വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുമായുള്ള സംവാദത്തിന് ശേഷം കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. മരിയൻ കോളേജിലെ ബോർഡ് റൂമിൽ നടന്ന കൂടിക്കാഴ്ച ഏകദേശം 15 മിനിറ്റോളം നീണ്ടുനിന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ഡീൻ കുര്യാക്കോസ് എംപി എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. കേരള സന്ദർശനത്തിന്റെ ഭാഗമായി വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനിടെയാണ് രാഹുലിന്റെ ഈ നിർണായക പ്രതികരണം.













