സംസ്ഥാനത്ത് വ്യാപക വേനൽമഴ, വടക്കും മധ്യ കേരളത്തിലും ശക്തം; ഇടിമിന്നലേറ്റ് മലപ്പുറത്ത് സ്ത്രീ മരിച്ചു, വരും മണിക്കൂറുകളിൽ മഴ ജാഗ്രത

സംസ്ഥാനത്ത് വ്യാപക വേനൽമഴ, വടക്കും മധ്യ കേരളത്തിലും ശക്തം; ഇടിമിന്നലേറ്റ് മലപ്പുറത്ത് സ്ത്രീ മരിച്ചു, വരും മണിക്കൂറുകളിൽ മഴ ജാഗ്രത

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് പാലപ്പറ്റ സ്വദേശി കാരി (65) മരിച്ചു. ശനിയാഴ്ച വൈകുന്നേരം വീടിന് പുറത്തുനിൽക്കുമ്പോഴായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തെക്കൻ കേരളത്തിൽ മഴ താരതമ്യേന കുറവാണെങ്കിലും വടക്കൻ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണു. കൊയിലാണ്ടിയിൽ മരക്കൊമ്പ് വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കർഷകർക്കും കനത്ത പ്രഹരമാണ് വേനൽമഴ ഏൽപ്പിച്ചത്. കവിലുംപാറയിൽ രണ്ടായിരത്തോളം ഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞുവീണ് നശിച്ചു. കണ്ണൂരിലും സമാനമായ രീതിയിൽ മരങ്ങൾ വീണതിനെത്തുടർന്ന് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെടുകയും വീടുകളുടെ മേൽക്കൂരകൾ തകരുകയും ചെയ്തിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. മരങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും താഴെ നിൽക്കരുതെന്നും ഇടിമിന്നൽ സമയത്ത് സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Share Email
LATEST
More Articles
Top