വാഷിംഗ്ടൺ: ഇറാനിലെ ഒരു പ്രൈമറി സ്കൂളിന് നേരെ നടന്ന മാരകമായ മിസൈൽ ആക്രമണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. 168 കുട്ടികളും 14 അധ്യാപകരും കൊല്ലപ്പെട്ട ഈ ആക്രമണം നടത്തിയത് അമേരിക്കയുടെ ടോമഹോക്ക് മിസൈൽ ആണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. എന്നാൽ സിവിലിയൻ ആൾനാശം ഒഴിവാക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും അമേരിക്ക സ്വീകരിക്കാറുണ്ടെന്നും ഈ സംഭവത്തിൽ കൃത്യമായ പരിശോധനകൾ നടക്കുമെന്നും അദ്ദേഹം പെന്റഗണിൽ പറഞ്ഞു.ൊ
ലോകത്ത് മറ്റൊരു രാജ്യവും നൽകാത്തത്ര സുരക്ഷാ മുൻകരുതലുകൾ സിവിലിയന്മാരുടെ കാര്യത്തിൽ അമേരിക്കൻ സൈന്യം സ്വീകരിക്കാറുണ്ട്. കരീബിയനിലെ സൈനിക നീക്കങ്ങൾ മുതൽ ഇപ്പോഴത്തെ യുദ്ധം വരെ ഓരോ ആക്രമണവും കൃത്യമായി വിലയിരുത്തപ്പെടുന്നുണ്ടെന്നും, എന്നാൽ അമേരിക്കയുടെ ഈ ജാഗ്രത വേണ്ടത്ര അംഗീകരിക്കപ്പെടുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുവിടങ്ങളിൽ ലഭ്യമായ ദൃശ്യങ്ങളോ വിവരങ്ങളോ മാത്രം വെച്ച് കാര്യങ്ങൾ തീരുമാനിക്കാനാവില്ലെന്നും ഔദ്യോഗിക അന്വേഷണം പൂർത്തിയാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാൻ ഭീകര ഭരണകൂടത്തെപ്പോലെ സിവിലിയന്മാരെ ലക്ഷ്യമിട്ട് വിവേചനരഹിതമായി ആക്രമണം നടത്തുകയാണെന്ന് ഹെഗ്‌സെത്ത് കുറ്റപ്പെടുത്തി. ഭീകരർ സാധാരണക്കാരെ ലക്ഷ്യം വെക്കുമ്പോൾ അമേരിക്കൻ ഭരണകൂടവും പെന്റഗണും അത്തരം കാര്യങ്ങൾ ഒഴിവാക്കാൻ അതീവ ശ്രദ്ധ പുലർത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിലെ സ്കൂളിന് നേരെയുണ്ടായ ദുരന്തം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.











