അമേരിക്ക-ഇസ്രായേൽ-ഇറാൻ യുദ്ധസാഹചര്യത്തിൽ പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യയും ഫ്രാൻസും സംയുക്തമായി നീങ്ങും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ടെലിഫോൺ ചർച്ചയിലാണ് സമാധാനത്തിനായി ഏകോപിതമായി പ്രവർത്തിക്കാൻ തീരുമാനിച്ചത്. മേഖലയിലെ അസ്ഥിരതയിൽ ഇരു നേതാക്കളും ആശങ്ക പ്രകടിപ്പിക്കുകയും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ എന്ന് വ്യക്തമാക്കുകയും ചെയ്തു. സമാധാനം പുനഃസ്ഥാപിക്കാനായി വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കുമെന്ന് മോദി എക്സിലൂടെ അറിയിച്ചു.
യുക്രൈനിലും പശ്ചിമേഷ്യയിലും യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിയമങ്ങൾ പാലിക്കുന്ന ലോകക്രമം അനിവാര്യമാണെന്നും ആഗോള പ്രതിസന്ധികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം ഉടൻ നടപ്പാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യുഎൻ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം ഉൾപ്പെടെയുള്ള നയതന്ത്ര മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ ഈ നീക്കങ്ങൾ. സംഘർഷങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും ശാശ്വത സമാധാനത്തിനായി ഇന്ത്യയുടെ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാക്ച്ചിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫോണിൽ സംസാരിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നയതന്ത്ര സംഭാഷണം നടന്നത്. പശ്ചിമേഷ്യയിലെ ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയും മേഖലയിലെ സുസ്ഥിരതയും മുൻനിർത്തിയാണ് ഇന്ത്യ വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്.











