ന്യൂഡൽഹി: വിശാഖപട്ടണത്ത് നടന്ന നാവികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങവെ ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ദേന അമേരിക്കൻ ആക്രമണത്തിൽ തകർന്ന വേളയിൽ ഇന്ത്യ ഇറാന് ൽകിയ സഹായങ്ങളെ പ്രശംസിച്ച് ഇറാൻ. ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കവെയാണ് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യൻ സർക്കാർ ശരിക്കും സഹായിച്ചുവെന്നും തങ്ങളുടെ അഭ്യർത്ഥനകൾ മാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മറ്റു ചില രാജ്യങ്ങൾ സഹകരിക്കാൻ വിസമ്മതിച്ചപ്പോഴും ഇന്ത്യ കൈനീട്ടിയത് അദ്ദേഹം എടുത്തുപറഞ്ഞു.
മാർച്ച് അഞ്ചിനാണ് ശ്രീലങ്കൻ തീരത്തിന് സമീപം വെച്ച് അമേരിക്കൻ അന്തർവാഹിനി ഐആർഐഎസ് ദേനയെ ടോർപ്പിഡോ ഉപയോഗിച്ച് തകർത്തത്. നൂറിലധികം സൈനികർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ സ്വാധീനമേഖലയിൽ വെച്ച് നടന്ന ഈ ആക്രമണം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇന്ത്യയുടെ ക്ഷണപ്രകാരം എത്തിയ കപ്പൽ തകർക്കപ്പെട്ടത് ഇന്ത്യയുടെ നൈതിക ഉത്തരവാദിത്തമാണെന്ന തരത്തിലുള്ള വാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ കപ്പൽ ഇന്ത്യൻ സമുദ്രപരിധി വിട്ടശേഷമാണ് ആക്രമിക്കപ്പെട്ടതെന്നും ഇന്ത്യക്ക് ഇതിൽ ഉത്തരവാദിത്തമില്ലെന്നും പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. അംബാസഡറുടെ പുതിയ പ്രസ്താവനയോടെ ഈ തർക്കങ്ങൾക്ക് വിരാമമായിരിക്കുകയാണ്.
ദേന തകർക്കപ്പെട്ടപ്പോൾ തന്നെ മറ്റൊരു ഇറാനിയൻ കപ്പലായ ഐആർഐഎസ് ലാവന് (IRIS Lavan) കൊച്ചി തുറമുഖത്ത് ഇന്ത്യ അഭയം നൽകിയിരുന്നു. ഇതിലെ 183 ജീവനക്കാരിൽ അത്യാവശ്യമില്ലാത്തവരെ ഇന്ത്യ സുരക്ഷിതമായി നാട്ടിലെത്തിച്ചു. നിലവിൽ 50 ഓളം പേർ കപ്പലിനൊപ്പം കൊച്ചിയിൽ തുടരുന്നുണ്ട്. തങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് വരും ദിവസങ്ങളിൽ കൃത്യമായ മറുപടി നൽകുമെന്നും ഇറാൻ അംബാസഡർ മുന്നറിയിപ്പ് നൽകി. മേഖലയിലെ സുരക്ഷ നിലനിർത്തുന്നതിൽ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് ഇതേ വേദിയിൽ സംസാരിച്ച ശ്രീലങ്കൻ എംപി നാമൽ രാജപക്സെയും അഭിപ്രായപ്പെട്ടു.












