യുദ്ധസാഹചര്യത്തിൽ പ്രതിസന്ധി നേരിടുന്ന ഇറാന് മാനുഷിക പരിഗണന മുൻനിർത്തി ഇന്ത്യ മരുന്നുകൾ കൈമാറി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് അടിയന്തര സഹായമെന്ന നിലയിലാണ് ഇന്ത്യയുടെ ഈ നീക്കം. ദില്ലിയിലെ ഇറാൻ എംബസിയിൽ നടന്ന ചടങ്ങിൽ വെച്ചാണ് മരുന്നുകൾ കൈമാറിയത്.
സാങ്കേതിക തടസ്സങ്ങളും ഉപരോധങ്ങളും മറികടക്കുന്നതിനായി അയൽരാജ്യങ്ങൾ വഴിയാണ് മരുന്നുകൾ ഇറാനിലേക്ക് എത്തിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ വിമാനമാർഗ്ഗം എത്തിക്കുന്ന മരുന്നുകൾ അവിടെ നിന്നും റോഡ് മാർഗ്ഗമായിരിക്കും ഇറാനിലേക്ക് കൊണ്ടുപോവുക. നിലവിലെ യുദ്ധ പശ്ചാത്തലത്തിൽ ഏറ്റവും സുരക്ഷിതമായ പാതയാണിതെന്ന് അധികൃതർ വിലയിരുത്തുന്നു. ഇന്ത്യയുടെ ഈ കരുതലിന് ഇറാൻ എംബസി നന്ദി രേഖപ്പെടുത്തി. മുൻപും സമാനമായ രീതിയിൽ പല രാജ്യങ്ങൾക്കും ഇന്ത്യ ആരോഗ്യ മേഖലയിൽ സഹായം നൽകിയിട്ടുണ്ട്. അയൽപക്ക ബന്ധങ്ങൾക്കും മാനുഷിക മൂല്യങ്ങൾക്കും മുൻഗണന നൽകുന്ന ഇന്ത്യയുടെ വിദേശനയത്തിന്റെ ഭാഗമായാണ് ഈ നടപടി കാണുന്നത്.
പ്രതിസന്ധി നേരിടുന്ന ഇറാന് ഇന്ത്യയുടെ കൈത്താങ്ങ്, മരുന്നുകൾ കൈമാറി
March 18, 2026 7:29 pm













