ന്യൂഡൽഹി/കൊളംബോ: അമേരിക്കൻ നാവികസേന ടോർപ്പിഡോ ആക്രമണത്തിലൂടെ തകർത്ത ഇറാന്റെ യുദ്ധക്കപ്പൽ ‘ഐആർഐഎസ് ഡേന’യെ രക്ഷിക്കാൻ ഇന്ത്യൻ നാവികസേന രംഗത്തിറങ്ങിരുന്നതായി വെളിപ്പെടുത്തൽ. ശ്രീലങ്കൻ തീരത്തെ ഗാലെയ്ക്ക് സമീപം 20 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അമേരിക്കൻ ആക്രമണം ഉണ്ടായത്. വിമാനങ്ങളും കപ്പലുകളുമടക്കമുള്ള സന്നാഹങ്ങളുമായാണ് ഇന്ത്യ രക്ഷാപ്രവർത്തനത്തിനായി എത്തിയതെന്ന വെളിപ്പെടുത്തൽ പുറത്തുവന്നു.
വിശാഖപട്ടണത്ത് നടന്ന നാവികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഇറാന്റെ കപ്പലിന് നേരെ അമേരിക്കൻ ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാവിലെ കപ്പലിൽ നിന്ന് അപായ സന്ദേശം ലഭിച്ചയുടൻ ഇന്ത്യൻ നേവിയുടെ ദീർഘദൂര മാരിടൈം പട്രോൾ എയർക്രാഫ്റ്റ് P8I തിരച്ചിൽ ആരംഭിച്ചിരുന്നു. ആകാശത്തുനിന്ന് ലൈഫ് റാഫ്റ്റുകൾ ഇട്ടുകൊടുത്തും നാവികരെ സഹായിക്കാൻ ഇന്ത്യ ശ്രമിച്ചു. ഐഎൻഎസ് തരംഗിണി, ഐഎൻഎസ് ഇക്ഷാക് എന്നീ യുദ്ധക്കപ്പലുകളും രക്ഷാദൗത്യത്തിനായി അയച്ചിട്ടുണ്ട്. ശ്രീലങ്കൻ നേവി പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കാണാതായവർക്കായി ഇന്ത്യൻ കപ്പലുകൾ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
കപ്പലിൽ ഉണ്ടായിരുന്ന 130 നാവികരിൽ 87 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ശത്രു കപ്പലിനെ ടോർപ്പിഡോ ഉപയോഗിച്ച് അമേരിക്ക മുക്കുന്നത്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെതാണ് ഈ സൈനിക നീക്കം സ്ഥിരീകരിച്ചത്. സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ച്ചി, അമേരിക്കൻ നടപടിക്ക് കനത്ത തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുള്ള ഈ ആക്രമണം മേഖലയിലെ സംഘർഷം പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.













