അമേരിക്കൻ യുദ്ധസ്മാരകത്തിന് മുന്നിലെ ഡാൻസ് ഇന്ത്യൻ യുവാവിന് വമ്പൻ പണിയായി! നാടുകടത്തൽ ഭീഷണി

അമേരിക്കൻ യുദ്ധസ്മാരകത്തിന് മുന്നിലെ ഡാൻസ് ഇന്ത്യൻ യുവാവിന് വമ്പൻ പണിയായി!  നാടുകടത്തൽ ഭീഷണി

അമേരിക്കൻ യുദ്ധസ്മാരകത്തിന് മുന്നിൽ നൃത്തം ചെയ്ത് വീഡിയോ എടുത്ത ഇന്ത്യൻ യുവാവ് നാടുകടത്തൽ ഭീഷണിയിലെന്ന് റിപ്പോർട്ട്. യുഎസിലെ പ്രശസ്തമായ യുദ്ധസ്മാരകത്തിന് സമീപം ആക്ഷേപകരമായ രീതിയിൽ നൃത്തം ചെയ്യുകയും അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തതിനാണ് മധു രാജു എന്ന യുവാവിനെതിരെ നടപടി വരുന്നത്. രാജ്യത്തിനായി ജീവൻ ബലിനൽകിയവരെ ആദരിക്കുന്ന സ്ഥലത്ത് ഇത്തരത്തിൽ പെരുമാറിയത് അനാദരവാണെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നീക്കം.

യുവാവിന്റെ നടപടിക്കെതിരെ അമേരിക്കയിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പ്രാദേശിക ഭരണകൂടം അന്വേഷണം ആരംഭിച്ചു. യുവാവിന്റെ വിസ നിയമങ്ങൾ പരിശോധിച്ചുവരികയാണെന്നും നിയമലംഘനം കണ്ടെത്തിയാൽ ഉടൻ തന്നെ നാടുകടത്തൽ നടപടികളിലേക്ക് കടക്കുമെന്നും യുഎസ് ഇമിഗ്രേഷൻ വിഭാഗം അറിയിച്ചു. വിനോദസഞ്ചാര വിസയിൽ എത്തിയതാണോ അതോ ജോലി ആവശ്യത്തിനായി അവിടെ കഴിയുന്നതാണോ എന്നും അധികൃതർ പരിശോധിക്കുന്നുണ്ട്.

നാഷണൽ മാളിലെ യുദ്ധസ്മാരകത്തിന് മുന്നിൽവെച്ച് നൃത്തംചെയ്യുന്ന വീഡിയോ ടിക്‌ടോക്കിലാണ് മധു രാജു ആദ്യം പോസ്റ്റ്‌ചെയ്തിരുന്നത്. ഇയാൾക്കൊപ്പം ഒരു യുവതിയും നൃത്തംചെയ്യുന്നുണ്ട്. എന്നാൽ, ഈ യുവതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. രണ്ടാം ലോകമഹായുദ്ധത്തിൽ സൈന്യത്തിൽ സേവനമനുഷ്ടിച്ച 16 ദശലക്ഷം അമേരിക്കക്കാരുടെയും യുദ്ധത്തിൽ മരിച്ച നാലുലക്ഷം പേരുടെയും ഓർമയ്ക്കായി സ്ഥാപിച്ചതാണ് വാഷിങ്ടണിലെ സ്മാരകം. അമേരിക്കക്കാരും രാജ്യത്തെ വിമുക്തഭടന്മാരും ഉൾപ്പെടെ ഏറെ ഗൗരവത്തോടെയും ബഹുമാനത്തോടെയും കാണുന്നയിടമാണിത്. ഇവിടെനിന്ന് നൃത്തംചെയ്ത വീഡിയോ പുറത്തുവന്നതാണ് സാമൂഹികമാധ്യമങ്ങളിലെ അമേരിക്കക്കാരുടെ വിമർശനത്തിനിടയാക്കിയത്.

സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി ചെയ്ത ഈ പ്രവർത്തി യുവാവിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ തന്നെ ഇന്ത്യക്കാർക്ക് ഇത്തരം സംഭവങ്ങൾ അപമാനമുണ്ടാക്കുന്നു എന്ന വിമർശനവും ഉയരുന്നുണ്ട്. നേരത്തെയും സമാനമായ രീതിയിൽ പൊതുസ്ഥലങ്ങളിൽ അനാദരവ് പ്രകടിപ്പിച്ചവർക്കെതിരെ അമേരിക്ക കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Share Email
LATEST
Top