അബുദബി: യുഎഇ തലസ്ഥാനമായ അബുദബി ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണം പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഫലപ്രദമായി ചെറുത്തുവെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഐസിഎഡി 2 (ICAD 2) വ്യവസായ മേഖലയ്ക്ക് മുകളിൽ വെച്ചാണ് ഡ്രോണുകൾ തകർത്തത്. എന്നാൽ ഇവയുടെ അവശിഷ്ടങ്ങൾ രണ്ടിടത്തായി പതിച്ചതിനെ തുടർന്ന് ആറുപേർക്ക് പരുക്കേറ്റതായി അബുദബി മീഡിയ ഓഫീസ് അറിയിച്ചു. പരുക്കേറ്റവരിൽ പാക്കിസ്ഥാൻ, നേപ്പാൾ സ്വദേശികളാണുള്ളത്.
ആയത്തൊള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ ആരംഭിച്ച യുദ്ധം ആറാം ദിവസവും അതീവ ഗുരുതരമായി തുടരുകയാണ്. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ ഇപ്പോൾ പ്രധാനമായും ആക്രമണം നടത്തുന്നത്. സംഘർഷം രൂക്ഷമായതോടെ ഇരുപതിനായിരത്തിലധികം ഇസ്രയേലികൾ ഇതിനോടകം സ്വന്തം നാട്ടിലേക്ക് മടങ്ങിയതായാണ് വിവരം. ജെറുസലേമിലും മറ്റും ഇറാൻ കനത്ത മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്.
യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ ഇറാനിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 1230 കടന്നതായാണ് റിപ്പോർട്ടുകൾ. ഇറാനിലെ രണ്ട് സ്കൂളുകൾക്ക് നേരെയും മിസൈൽ ആക്രമണങ്ങൾ ഉണ്ടായി. അതേസമയം, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ ജനങ്ങൾ കണക്കിലെടുക്കാവുള്ളൂ എന്നും തെറ്റായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അബുദബി അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതിർത്തികളിൽ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ യുഎഇ ഊർജ്ജിതമാക്കിയിട്ടുണ്ട്.













