ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്താൻ രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ ഡൽഹിയിലെ ഇറാൻ എംബസി സന്ദർശിച്ചു. കോൺഗ്രസ് പാർട്ടിയുടെ അനുശോചനം അറിയിച്ച അദ്ദേഹം, ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ തർക്കങ്ങൾ പരിഹരിക്കാവൂ എന്നും ആഗോള സമാധാനം നിലനിർത്തേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കി. ആയുധങ്ങൾ ഉപയോഗിച്ച് പ്രശ്നങ്ങൾ തീർക്കാൻ ശ്രമിക്കുന്നത് വൻ നാശത്തിലേക്കേ നയിക്കൂ എന്നും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കെട്ടിപ്പടുത്ത സമാധാന ക്രമം തകരുകയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഖമനേയിയുടെ വധത്തിന് പിന്നാലെ കേന്ദ്രസർക്കാർ പുലർത്തുന്ന മൗനത്തെ സിബൽ രൂക്ഷമായി വിമർശിച്ചു. തന്ത്രപ്രധാന സുഹൃത്തായ ഇറാന്റെ പ്രതിസന്ധിയിൽ ഇന്ത്യ പ്രതികരിക്കാത്തത് രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നെഹ്‌റുവിനെയും മൻമോഹൻ സിംഗിനെയും പോലുള്ള മുൻ പ്രധാനമന്ത്രിമാർ ഉയർത്തിപ്പിടിച്ച നയതന്ത്ര മൂല്യങ്ങൾ നരേന്ദ്ര മോദി ഭരണത്തിൽ ഇല്ലാതായെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ ആക്രമണത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ തകർക്കപ്പെട്ടപ്പോൾ പോലും പ്രധാനമന്ത്രി മിണ്ടാതിരിക്കുന്നത് വിദേശനയത്തിന്റെ പരാജയമാണെന്നും സിബൽ ചൂണ്ടിക്കാട്ടി.
ഇസ്രായേൽ സന്ദർശന വേളയിൽ ഖമനേയിയുടെ വധത്തെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നോ എന്ന് വ്യക്തമാക്കണമെന്ന് സിബൽ ആവശ്യപ്പെട്ടു. താൽക്കാലിക നേട്ടങ്ങൾക്കായി ചാബഹാർ തുറമുഖം പോലുള്ള ദീർഘകാല പദ്ധതികളെ അപകടത്തിലാക്കുന്നത് ശരിയല്ല. കരുത്തുള്ള രാജ്യങ്ങളുടെ നിയമമോ കാട്ടുനീതിയോ മറ്റ് രാജ്യങ്ങൾക്കെതിരെ പ്രയോഗിക്കുന്ന അവസ്ഥ ലോകത്തുണ്ടാകാൻ പാടില്ലെന്നും, അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ലോകരാജ്യങ്ങൾ ചർച്ചകൾക്കായി ഒരുമിച്ചിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രംപിനെപ്പോലെ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്ന ഭരണാധികാരികൾ ആഗോള ക്രമത്തിന് ഭീഷണിയാണെന്നും സിബൽ കൂട്ടിച്ചേർത്തു.













