വാഷിംഗ്ടണ്‍: ഇറാനെതിരേ അമേരിക്കയും ഇസ്രയേലും സംയുക്തമായി സൈനീക നടപടി ആരംഭിച്ചതിനു പിന്നാലെ ഉടലെടുത്ത സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള ചരക്കു ഗതാഗതം രൂക്ഷമായ പ്രതിസന്ധിയിലേക്ക്. ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന പ്രഖ്യാപനം നടത്തിയതിനു പിന്നാലെ എണ്ണ വില കുതിച്ചുയര്‍ന്നു. ഇതിനു പിന്നാലെ ദിവസങ്ങളായി വ്യോമഗതാഗതവും നിലച്ചതോടെ അവശ്യ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയുടെ നീക്കം ഏറെ പ്രതിസന്ധിയിലായിരിക്കയാണ്.
ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാന്‍ തടഞ്ഞതോടെ ചരക്ക് കപ്പലുകള്‍ ഗള്‍ഫ് തീരത്ത് കുടുങ്ങുകയോ ആഫ്രിക്കയുടെ തെക്കന്‍ മുനമ്പ് വഴി കൂടുതല്‍ ദൂരം സഞ്ചരിക്കുകയോ വേണ്ട സ്ഥിതിയാണ്. മിഡില്‍ ഈസ്റ്റുമായി ബന്ധപ്പെട്ടുള്ള വ്യോമ ചരക്ക് ഗതാതഗവും സ്തംഭനാവസ്ഥയിലാണ്. എണ്ണയ്ക്ക് പുറമെ ഇന്ത്യയില്‍ നിന്നുള്ള മരുന്നുകള്‍, ഏഷ്യയില്‍ നിന്നുള്ള സെമികണ്ടക്ടറുകള്‍, മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ക്രൂഡ് ഉപോത്പന്നങ്ങള്‍ എന്നിവയുടെ നീക്കത്തെ സാരമായി ബാധിച്ചു. യുദ്ധം നീണ്ടാല്‍ സാധനങ്ങള്‍ക്ക് ക്ഷാമവും വില വര്‍ദ്ധനവും ഉണ്ടാകും.
ഹോര്‍മൂസ് കടലിടുക്കിലെ ചരക്കു ഗതാഗത പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന ട്രംപിന്റെ പ്രഖ്യാപനം പ്രതിസന്ധി മുന്നില്‍ക്കണ്ടാണെന്നാണ് വിലയിരുത്തല്‍. പേര്‍ഷ്യന്‍ ഗള്‍ഫ് വഴി എണ്ണ ഉള്‍പ്പെടെ കൊണ്ടുപോകുന്ന ടാങ്കറുകള്‍ക്ക് റിസ്‌ക് ഇന്‍ഷുറന്‍സ് നല്‍കാന്‍ യുഎസ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന് ട്രംപ് നിര്‍ദേശം നല്‍കി. അക്രം, അസ്ഥിരത അക്രമം എന്നിവ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളില്‍ നിന്ന് സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള കവറേജാണ് പൊളിറ്റിക്കല്‍ റിസ്‌ക് ഇന്‍ഷുറന്‍സ്.
Iran-Israel conflict: Negative impact on global cargo traffic.













