ടെഹ്‌റാന്‍: ഇന്ത്യ ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങള്‍ക്ക് ഹോര്‍മൂസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ഇറാന്‍. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യ ഉള്‍പ്പെടെയുള്ള അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. ഇന്ത്യ,റഷ്യ, ചൈന, പാകിസ്ഥാന്‍, ഇറാഖ് എന്നീ രാജ്യങ്ങളുടെ കപ്പലുകള്‍ക്കാണ് പാതയിലൂടെ കടന്നുപോകാന്‍ ഇറാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഇറാനിയന്‍ സ്റ്റേറ്റ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും അടച്ചിട്ടില്ലെന്നും ഇറാനുമായി സൗഹൃദബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് ഇതുവഴി യാത്ര ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.പല കപ്പല്‍ ഉടമകളും വിവിധ രാജ്യങ്ങളും തങ്ങളെ ബന്ധപ്പെടുകയും കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്ര ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
തങ്ങള്‍ സൗഹൃദ രാജ്യങ്ങളായി കണക്കാക്കുന്നവര്‍ക്കും മറ്റ് പ്രത്യേക കാരണങ്ങളാല്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചവര്‍ക്കും ഞങ്ങളുടെ സായുധ സേന സുരക്ഷിത പാത ഒരുക്കുന്നുണ്ടെന്നും അരാഗ്ചി പറഞ്ഞു.അമേരിക്ക, ഇസ്രായേല്‍, നിലവിലെ യുദ്ധത്തില്‍ അമേരിക്കയ്ക്ക് സഹായം നല്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ പ്രവേശനം അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Iran opens Strait of Hormuz to five countries including India













