‘സമാധാനത്തിന് തയ്യാർ’, അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ കടുത്ത ഉപാധികൾ വെച്ച് ഇറാൻ; റഷ്യയും പാകിസ്ഥാനുമായി ചർച്ചക്ക് തയ്യാർ

‘സമാധാനത്തിന് തയ്യാർ’, അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ കടുത്ത ഉപാധികൾ വെച്ച് ഇറാൻ; റഷ്യയും പാകിസ്ഥാനുമായി ചർച്ചക്ക് തയ്യാർ

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കി. റഷ്യൻ, പാകിസ്ഥാൻ നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇറാൻ തങ്ങളുടെ ഔദ്യോഗിക നിലപാട് അറിയിച്ചത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന് അന്ത്യം കുറിക്കണമെങ്കിൽ അമേരിക്കയും ഇസ്രായേലും ഇറാന്റെ ന്യായമായ അവകാശങ്ങൾ അംഗീകരിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. യുദ്ധം തുടങ്ങിയത് ഈ രണ്ട് രാജ്യങ്ങളാണെന്നും ഇറാൻ ഭരണകൂടം കുറ്റപ്പെടുത്തി.

സമാധാന ചർച്ചകൾക്ക് മുന്നോടിയായി മൂന്ന് പ്രധാന ഉപാധികളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാന്റെ പരമാധികാരവും അവകാശങ്ങളും അംഗീകരിക്കുക, യുദ്ധത്തിലൂടെ ഇറാന് സംഭവിച്ച വൻ സാമ്പത്തിക-ഭൗതിക നഷ്ടങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുക, ഭാവിയിൽ ഇറാന് നേരെ യാതൊരുവിധത്തിലുള്ള ആക്രമണങ്ങളും ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പ് നൽകുക എന്നിവയാണവ. സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇറാൻ തങ്ങളുടെ ഉപാധികൾ ഇത്തരത്തിൽ പരസ്യമായി പ്രഖ്യാപിക്കുന്നത്.

റഷ്യയുടെയും പാകിസ്ഥാന്റെയും പിന്തുണയോടെ സമാധാന ശ്രമങ്ങളുമായി മുന്നോട്ട് പോകാനാണ് ഇറാന്റെ തീരുമാനം. എന്നാൽ അമേരിക്കയും ഇസ്രായേലും ഈ ഉപാധികൾ അംഗീകരിക്കാൻ തയ്യാറാകുമോ എന്ന കാര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുന്നു. ഇറാന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാതെ സമാധാന ചർച്ചകൾക്കില്ലെന്ന ഉറച്ച നിലപാടിലാണ് ടെഹ്റാൻ. പശ്ചിമേഷ്യയിലെ പുതിയ നീക്കങ്ങൾ ലോകരാജ്യങ്ങൾ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

Share Email
LATEST
More Articles
Top