കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി വെട്ടിത്തുറന്ന പാതയിലൂടെ രാജ്യം മുന്നോട്ട് പോകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഖമനേയി ഉയർത്തിപ്പിടിച്ച പാരമ്പര്യവും മൂല്യങ്ങളും സംരക്ഷിക്കുന്നത് ചരിത്രപരമായ ദൗത്യമാണെന്നും ഇറാൻ വ്യക്തമാക്കി. വിശ്വാസവും ചെറുത്തുനിൽപ്പും ചേർന്നുള്ള ഈ പാതയിൽ നിന്ന് രാജ്യം പിന്നോട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ഖമനേയിയുടെ വിയോഗത്തിന് ശേഷവും ഇറാന്റെ പതാക വഹിക്കാൻ വിശ്വസ്തവും ഉറച്ചതുമായ കൈകൾ രാജ്യത്തിനുണ്ടെന്നും ആ കൈകൾ ഇറാനെ നയിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇസ്രയേൽ-അമേരിക്കൻ സഖ്യത്തിന്റെ ആക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ നിർണ്ണായക പ്രഖ്യാപനം. രാജ്യത്തിന്റെ പരമാധികാരവും വിപ്ലവ വീര്യവും കാത്തുസൂക്ഷിക്കുമെന്ന ഉറച്ച സന്ദേശമാണ് ഇതിലൂടെ ഇറാൻ നൽകുന്നത്.













