ഇറാൻയുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കവേ, ഇറാന്റെ എണ്ണയുൽപാദന ശൃംഖലയുടെ നെടുംതൂണായ ഖാർഗ് ദ്വീപിൽ തുടർച്ചയായ രണ്ടാം ദിവസവും യുഎസ് ആക്രമണം. ദ്വീപിന്റെ മിക്ക ഭാഗങ്ങളും ആക്രമണത്തിൽ പൂർണമായും തകർന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. വീണ്ടും ദ്വീപിൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്. കയറ്റുമതിക്കുള്ള ഇറാനിയൻ എണ്ണയുടെ 90 ശതമാനവും ഖാർഗിലെ സംസ്കരണശാലകളിലാണ് തയാറാകുന്നത്.
പശ്ചിമേഷ്യയിലേക്ക് 2500 മറീനുകളെയും ഒരു ആംഫിബിയസ് അസോൾട്ട് കപ്പലും യു.എസ്. അയക്കുമെന്നും വാർത്തകൾ പുറത്തുവന്നു. ജപ്പാനിലുണ്ടായിരുന്ന 31-ാം മറീൻ എക്സ്പെഡിഷനറി യൂണിറ്റ് അംഗങ്ങളും ‘യു.എസ്.എസ്. ട്രിപ്പോളി’ എന്ന ആംഫിയസ് അസോൾട്ട് കപ്പലും പശ്ചിമേഷ്യയിലേക്ക് തിരിച്ചു. കപ്പൽ തയ്‌വാനടുത്തുകൂടി നീങ്ങുന്നുണ്ടെന്നും ഇറാനടുത്തെത്താൻ ഒരാഴ്ചയിലേറെയെടുക്കുമെന്നുമാണ് റിപ്പോർട്ട്. യുദ്ധത്തിനായി പട്ടാളക്കാരെ കരയിലിറക്കാനും നാവിക, വ്യോമസേനകളെ സഹായിക്കാനും ഒരുപോലെ കഴിയുന്നവയാണ് ആംഫിബിയസ് അസോൾട്ട് കപ്പലുകൾ. അതിനാൽ, മറീൻ എക്സ്പെഡിഷനറി യൂണിറ്റിനൊപ്പം ട്രിപ്പോളിയും അയക്കുന്നത് ഇറാനിൽ കരയുദ്ധം ആരംഭിക്കാൻപോകുന്നതിന്റെ സൂചനയാണെന്ന വ്യാഖ്യാനമുണ്ട്.
ഹോർമുസ് കടലിടുക്കിന്റെ തീരപ്രദേശങ്ങളിൽ ആക്രമണം കടുപ്പിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതുവഴിയുള്ള കപ്പലുകളെ ആക്രമിക്കാൻ ശ്രമിക്കുന്ന ഇറാനിയൻ ബോട്ടുകളെ ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം.
Iran – US war intensifies as us marine forces approaches Iran











