ടെൽ അവീവ്/ടെഹ്‌റാൻ: ഇറാന്റെ പ്രതിരോധ നിരയിലെ ഏറ്റവും നിർണ്ണായക വ്യക്തിയും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുമായ അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. ഇന്ന് പുലർച്ചെ ഇറാനിലെ വിവിധ നഗരങ്ങളിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലാരിജാനിയെ തന്നെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നും, അദ്ദേഹത്തിന് പുറമെ നിരവധി സൈനിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇറാന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ മരണത്തെത്തുടർന്ന് രാജ്യത്തിന്റെ സുരക്ഷാ ചുമതലകൾ ഏകോപിപ്പിച്ചിരുന്നത് അലി ലാരിജാനിയായിരുന്നു. ഇറാന്റെ മിസൈൽ നിർമ്മാണ കേന്ദ്രങ്ങളും പ്രധാന സൈനിക താവളങ്ങളും ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. തെഹ്‌റാൻ, ഷിറാസ്, തബ്രിസ് തുടങ്ങിയ നഗരങ്ങളിൽ ഒരേസമയം ബോംബാക്രമണങ്ങൾ ഉണ്ടായതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ലാരിജാനിയുടെ വിയോഗം ഇറാനിയൻ സൈനിക നേതൃത്വത്തിന് നികത്താനാവാത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലാരിജാനി കൊല്ലപ്പെട്ടെന്ന വാർത്തകൾക്കിടെ ഇറാനിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേലിന് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ സൈനിക വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. മേഖലയിൽ സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിൽ അമേരിക്കയും ചൈനയും ഉൾപ്പെടെയുള്ള വൻശക്തികൾ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. ലാരിജാനിയുടെ മരണത്തിൽ ഇറാൻ ഔദ്യോഗികമായി പ്രതികരിക്കുന്നതോടെ പശ്ചിമേഷ്യയിൽ കൂടുതൽ വലിയ സൈനിക നീക്കങ്ങൾക്ക് സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.













