ടെൽ അവീവ്: ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിനെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അവകാശപ്പെട്ടു. ചൊവ്വാഴ്ച രാത്രി ടെഹ്‌റാനിൽ നടത്തിയ ശക്തമായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ സുരക്ഷാ അവലോകന യോഗത്തിന് ശേഷമാണ് കാറ്റ്സ് ഈ വിവരം പുറത്തുവിട്ടത്. അലി ലാരിജാനിയുടെ വധത്തിന് പിന്നാലെ ഇറാന്റെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനെക്കൂടി ലക്ഷ്യം വെച്ചതോടെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.
ഇറാനെതിരെയും ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരെയും നടത്തുന്ന യുദ്ധം ഇനിയും ശക്തമാക്കുമെന്നും ഇന്ന് തന്നെ പല മേഖലകളിലും ‘വലിയ സർപ്രൈസുകൾ’ പ്രതീക്ഷിക്കാമെന്നും കാറ്റ്സ് മുന്നറിയിപ്പ് നൽകി. ഇറാന്റെ മണ്ണിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളുടെ തീവ്രത വർധിപ്പിക്കാനാണ് തീരുമാനം. ഇതിനായി ഏത് ഉന്നത ഇറാൻ നേതാവിനെയും വധിക്കാൻ പ്രത്യേക അനുമതിയില്ലാതെ തന്നെ ഇസ്രായേൽ പ്രതിരോധ സേനയ്ക്ക് താനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പൂർണ്ണ അധികാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്റലിജൻസ് മന്ത്രിയുടെ വധത്തെക്കുറിച്ച് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ രാത്രിയിൽ നടന്ന ആക്രമണത്തിൽ ഇറാനിലെ പല സൈനിക കേന്ദ്രങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ലാരിജാനിയെയും ഖത്തീബിനെയും പോലുള്ള ഉന്നതർ കൊല്ലപ്പെട്ടെന്ന അവകാശവാദം ഇറാന്റെ സൈനിക വീര്യത്തിന് വലിയ തിരിച്ചടിയായാണ് ഇസ്രായേൽ കാണുന്നത്. വരും മണിക്കൂറുകളിൽ ഇറാന്റെ ഭാഗത്തുനിന്ന് ശക്തമായ തിരിച്ചടി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇസ്രായേലിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.













